കോണ്‍ഗ്രസ് നിര്‍ണ്ണായക വിവരങ്ങള്‍ ചോരുന്നു; പാര്‍ട്ടി മീറ്റിംഗില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ന്നതായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിക്കകത്തുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തിയതോടെ മീറ്റിങ്ങില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രം അടക്കം ചോര്‍ന്നെന്നെന്നാണ് വിലയിരുത്തല്‍.

ജൂനിയര്‍, സീനിയര്‍ ഭേദമന്യേ എല്ലാവരും നിയമം പാലിക്കാന്‍ ബാധ്യസ്ഥര്‍ ആണെന്നും സോണിയ പറഞ്ഞു.കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കേണ്ടെന്നാണ് സോണിയയുടെ നിലപാട്. ഇനി മുതലുള്ള എല്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ഇത് ബാധകമായിരിക്കും.

കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ പലരും ഗൗരവത്തോടെ യോഗങ്ങളെ സമീപിക്കുന്നില്ലെന്നാണ് പരാതി. അതുകൊണ്ട് പല വിഷയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി പരിമിധി നേരിടുന്നുണ്ട്. പാര്‍ട്ടിയില്‍ വളരെ പെട്ടെന്ന് ഉണ്ടാവുന്ന തീരുമാനങ്ങള്‍ ചോര്‍ന്ന് പോവാതിരിക്കുകയാണ് ഈ നടപടിയിലൂടെ ആദ്യ ലക്ഷ്യമിടുന്നത്. സീനിയര്‍ നേതാക്കളെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരും സത്യസന്ധരുമാക്കുവാന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും രഹസ്യമായി തന്നെ തുടരുമെന്ന് ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം സോണിയ ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍മാരുടെയും യോഗം വിളിച്ചിരുന്നു. പത്ത് ദിവസത്തെ പ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കാനായിരുന്നു ഈ യോഗം. നിര്‍ണായക വിവരങ്ങള്‍ ഈ യോഗത്തില്‍ വെച്ച് ചോര്‍ന്നെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: