അനില്‍ രാധാകൃഷ്ണന്‍ – ബിനീഷ് ബാസ്റ്റിന്‍ പ്രശനം പരിഹരിച്ച് ഫെഫ്ക; അനിലിന്റെ സിനിമയിലേക്ക് ഇനി ഇല്ലെന്ന് ബാസ്റ്റിന്‍

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ഇടപെട്ട് ഫെഫ്ക. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണനോട് ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ജാതീയമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഫെഫ്ക ജനറര്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. പ്രശ്‌നം പരിഹരിച്ചെങ്കിലും അനിലിന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും തുറന്നുപറഞ്ഞു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ചര്‍ച്ചയ്ക്കിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജാതീയത പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ലെന്നും ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊളളുന്നത് എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായ സൗഹൃദം നിലനില്‍ക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ സിനിമ സംവിധായകരും, സിനിമ നിര്‍മ്മാതാക്കളും, നടന്‍മാരും അടങ്ങുന്ന സംഘടന അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണനും പിരിഞ്ഞത്. സംഭവത്തില്‍ നിര്‍ഭാഗ്യകരമായി കാണുന്നത് ഇതിലുണ്ടായ ജാതീയതയുടെ പരാമര്‍ശങ്ങളും അതിവായനയുമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തന്റെ സിനിമയില്‍ ചാന്‍സ് നടന്നൊരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ പറഞ്ഞതായി യൂണിയന്‍ ഭാരവാഹികളാണ് ബിനീഷിനോട് പറഞ്ഞത്.

എന്നാല്‍ ആ ആരോപണം അനില്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. എങ്കിലും ജാഗ്രതക്കുറവുണ്ടായതായി സംഘടന കാണുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമവായ ചര്‍ച്ചയില്‍ ഫെഫ്ക പ്രസിഡണ്ട് സിബി മലയില്‍, ജോയിന്റ് സെക്രട്ടറി സോഹന്‍ സീനുലാല്‍, എകെ സാജന്‍, ജി എസ് വിജയന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: