ഫുഡ് ഡെലിവറി ആപ്പിനെയും കണ്ണടച്ച് വിശ്വസിക്കരുത്: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ യുവാവിന് നഷ്ടമായത് 4 ലക്ഷം രൂപ…

ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപഭോക്താവിന് നഷ്ടമായത് നാല് ലക്ഷം രൂപ. ലഖ്നൗവിലെ ഗോംതി നഗറില്‍ നിന്നുമൊരാള്‍ ഭക്ഷ്യ വിതരണ ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോഴാണ് തട്ടിപ്പിനിരയായത്. ഓര്‍ഡര്‍ ചെയ്ത് അല്‍പ്പം കഴിഞ്ഞപ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യണമെന്ന് ഇദ്ദേഹത്തിന് തോന്നി.

ആപ്പില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കാണാതെ വന്നപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍ കണ്ടെത്തി അതിലേക്ക് വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തയാള്‍ ഫുഡ് ഡെലിവറി ആപ്പിന്റെ എക്സിക്യൂട്ടീവാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. എന്നാല്‍ ഇതൊരു തട്ടിപ്പ് നമ്പരായിരുന്നു. ഭക്ഷണത്തിന്റെ പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഇതില്‍ ചേര്‍ക്കാനും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതിനിടെ ഒറ്റത്തവണ പാസ് വേഡ്(ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്സിക്യൂട്ടീവ് ആപ്ലിക്കേഷനില്‍ ഒടിപി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കിയ ഉടന്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും നാല് ലക്ഷം രൂപ കുറഞ്ഞതായി സന്ദേശം ലഭിക്കുകയായിരുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിപ്പുകാര്‍ ഉടന്‍ കുരുങ്ങുമെന്നുമാണ് പോലീസ് പറയുന്നത്.

ഇതേ രീതിയില്‍ ബംഗളൂരുവില്‍ സ്വിഗ്ഗിയുടെ ഹെല്‍പ്പ്ലൈന്‍ നമ്പരിലേക്ക് വിളിച്ച ഒരു സ്ത്രീക്ക് 90,000 രൂപ നഷ്ടമായിരുന്നു. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇന്‍ഡോറില്‍ നിന്നുള്ള ഒരു ഉപഭോക്താവിന് 2.2 ലക്ഷം രൂപയാണ് നഷ്ടമായത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: