ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചു: യുവാവിനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസ്…

കൊല്ലം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രികനായ യുവാവിനെ എറിഞ്ഞ് വീഴ്ത്തി പോലീസ്. സംഭവത്തില്‍ കയ്ക്കാവൂര്‍ സ്വദേശി സിദ്ധീഖ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് ദാരുണ സംഭവം. ഹെല്‍മെറ്റില്ലാതിരുന്ന ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ലാത്തിയെറിഞ്ഞ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ചന്ദ്ര മോഹനനനെ സസ്‌പെന്‍ഡ് ചെയ്തു. വാഹന പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തു. ഇവരെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. സംഭവത്തില്‍ ശക്തമായ നടപടി എടുത്തെന്ന് റൂറല്‍ എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി.

ഹെല്‍മെറ്റ് ലംഘനങ്ങള്‍ക്കെതിരെ നടപടിയാകാം, എന്നാല്‍ ഹെല്‍മെറ്റ് വേട്ട പാടില്ലെന്ന പൊലീസ് മേധാവിയടക്കം വ്യക്തമാക്കിയിട്ടുള്ള സാഹചര്യം നില നില്‍ക്കെയാണ് ഈ സംഭവം. റോഡിന് നടുവില്‍ വാഹന പരിശോധന വേണ്ടെന്നും നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതിയും കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുവന്നു. ഹെല്‍മെറ്റ് പരിശോധന ഓടിച്ചിട്ട് നടത്തരുതെന്ന് വ്യക്തമാക്കിയിരുന്ന ഹൈക്കോടതി വാഹന പരിശോധന സംബന്ധിച്ച് 2012ല്‍ പുറത്തിറക്കിയ ഡിജിപിയുടെ സര്‍ക്കുലര്‍ അനുസരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: