ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ പിടിയിലായ ഉസ്മാന്‍ ഖാന് കശ്മീര്‍ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് 2012-ല്‍ ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു…

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിനു സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്‍ കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജഡ്ജി. 2010ലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോംബാക്രമണവുമായി പിടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഉസ്മാനെ വിചാരണ ചെയ്തിട്ടുണ്ട് ഈ ജഡ്ജി. ബ്രിട്ടീഷ് പൗരന്‍ തന്നെയായ ഉസ്മാന് പ്രസ്തുത ആക്രമണം നടത്തുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. 16 വര്‍ഷം തടവുശിക്ഷ ഇയാള്‍ക്ക് വിധിച്ചിരുന്നെങ്കിലും 2018ല്‍ സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നു.

2012ല്‍ കേസില്‍ പ്രതികളായ ഉസ്മാന്‍ ഖാനും നാസന്‍ ഹുസ്സൈനുമെതിരെ ശിക്ഷ വിധിക്കുമ്പോള്‍ ഇവര്‍ പുറത്തിറങ്ങിയാല്‍ ഇനിയും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചേക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുവരും പാകിസ്താനില്‍ ഭീകര വിദ്യാഭ്യാസം ലഭിച്ചവരാണെന്ന പരാമര്‍ശവും കോടതി നടത്തുകയുണ്ടായി. പാക് അധീന കാശ്മീരില്‍ നിന്നുള്ളയാളാണ് ഖാന്‍ എന്നത് ജഡ്ജി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അല്‍ ഖായിദ ഇന്റര്‍നെറ്റിലൂടെ നടത്തിയ പ്രചാരണങ്ങളാണ് ഈ യുവാവിനെ ഭീകരവാദത്തിലേക്ക് എത്തിച്ചത്. കാശ്മീരിലും ഇയാള്‍ക്ക് ഭീകരവാദ പദ്ധതികളുണ്ടായിരുന്നതായി ജഡ്ജി പറഞ്ഞു. കാശ്മീരുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ദീര്‍ഘകാല പദ്ധതികളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അവയ്ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ബ്രിട്ടീഷ് യുവാക്കളെ അവയിലേക്ക് റിക്രൂട്ട് ചെയ്യുകയുമെല്ലാം ഇയാളുടെ പദ്ധതികളില്‍ പെട്ടിരുന്നതായി 2012ല്‍ ജഡ്ജി ചൂണ്ടിക്കാട്ടുകയുണ്ടായി. ചെറുപ്പത്തിലേ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചയാളാണ് ഉസ്മാന്‍ ഖാന്‍. ഇയാള്‍ പിന്നീട് പാക് അധീന കാശ്മീരിലുള്ള തന്റെ മാതാവിനരികിലേക്ക് പോയി. അവിടെ നിന്നും തിരിച്ചെത്തിയ ശേഷം ഇന്റര്‍നെറ്റിലൂടെ ഭീകരവാദ പ്രചാരണം തുടങ്ങി.

Share this news

Leave a Reply

%d bloggers like this: