ടോറികള്‍ വംശീയ ഭാഷയുടെ വക്താക്കള്‍; ജോണ്‍സനെതിരെ ആഞ്ഞടിച്ച് കോര്‍ബിന്‍

യുകെ: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ‘വംശീയ പരാമര്‍ശം’ നടത്തിയെന്ന ആരോപണവുമായി ജെറമി കോര്‍ബിന്‍. കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടെ ഇരുവരും ഇസ്ലാമോഫോബിയയെയും ആന്റിസെമിറ്റിസത്തേയും ചൊല്ലി രൂക്ഷമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടിക്കകത്തുള്ള ആന്റിസെമിറ്റിസവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നത് വന്‍ പരാജയമാണെന്ന് ജോണ്‍സണ്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആന്റിസെമിറ്റിസത്തെ അഭിസംബോധന ചെയ്യാന്‍ തന്റെ പാര്‍ട്ടി എന്തെല്ലാം ചെയ്തുവെന്ന് വ്യക്തമാക്കിയ കോര്‍ബിന്‍ ഇസ്ലാമോഫോബിയയെ നേരിടുന്നതില്‍ ജോണ്‍സണ്‍ പരാജയപ്പെട്ടുവെന്നും, കണ്‍സര്‍വേറ്റീവുകള്‍ നിരന്തരം വംശീയമായ ഭാഷ ഉപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടി. ‘നമ്മുടെ സമൂഹത്തില്‍ ഇസ്ലാമോഫോബിയയുടെ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ആരെയും ഒരിക്കല്‍പോലും വംശീയമായി അധിക്ഷേപിച്ചിട്ടില്ല’- കോര്‍ബിന്‍ പറഞ്ഞു.

ഇസ്ലാമോഫോബിയയോ വംശീയതയോ നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയ ടോറികള്‍ പലരും ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അവരില്‍ പലരും സ്ഥാനാര്‍ഥികളായി നില്‍ക്കുന്നുണ്ടെന്നും ജോണ്‍സണ്‍ പ്രതികരിച്ചു. തുടര്‍ന്ന് ‘ലേബര്‍ പാര്‍ട്ടിയിലെ ജൂത ജനതയ്ക്ക് വേണ്ടി നിലകൊള്ളാന്‍ കോര്‍ബിന്‍ തയ്യാറാകാത്തത് നേതൃപരമായി അദ്ദേഹത്തിന്റെ വലിയ പരാജയമാണെന്ന്’ ജോണ്‍സണ്‍ തുറന്നടിച്ചു. എന്നാല്‍ ജോണ്‍സണ്‍ മുന്‍പ് നടത്തിയ വംശീയമായ പരമാര്‍ശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് കോര്‍ബിന്‍ അതിനു മറുപടി നല്‍കിയത്.

കറുത്ത വര്‍ഗ്ഗക്കാരെ അദ്ദേഹം ‘തണ്ണിമത്തന്‍ പുഞ്ചിരിയുള്ള പിക്കാനിനികള്‍’ എന്ന് വിശേഷിപ്പിച്ചതും, മൂടുപടം ധരിച്ച മുസ്ലീം സ്ത്രീകളെ ‘ബാങ്ക് കൊള്ളക്കാര്‍’, ‘ലെറ്റര്‍ ബോക്‌സ്’ എന്നിവയുമായി താരതമ്യം ചെയ്തതും കോര്‍ബിന്‍ എടുത്തുപറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നിര്‍ണായകമായ അവസാന ദിവസങ്ങളില്‍ മേല്‍ക്കൈ നേടാനുള്ള പരിശ്രമത്തിലാണ് ഇരുകൂട്ടരും. ബ്രക്‌സിറ്റ്, എന്‍എച്ച്എസ്, രാജ്യത്തിന്റെ സാമ്പത്തിക നില, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: