ക്രിസ്മസ് ദിനത്തിൽ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച് ഫന്‍ഫോന്‍ ചുഴലിക്കാറ്റ്; 16 പേർ മരണമടഞ്ഞു

മനില: മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച് ഫന്‍ഫോന്‍ ചുഴലിക്കാറ്റ്. മധ്യ ഫിലിപ്പീന്‍സിലെ വിസായസിലെ ചെറു ഗ്രാമങ്ങളെയാണ് കാറ്റ് ഏറ്റവുമധികം തകര്‍ത്തത്. ഈ മേഖലയിലാണ് 16 മരണവും സ്ഥിരീകരിച്ചത്. ബൊറകയ്, കൊറോണ്‍ എന്നിവിടങ്ങളിലും മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാറ്റ് നാശം വിതച്ചു. വിദേശ സഞ്ചാരികളെയടക്കം ആകര്‍ഷിക്കുന്ന വെളുത്ത മണല്‍ നിറഞ്ഞ ഫിലിപ്പീന്‍സിലെ ബീച്ചുകളെല്ലാം കാറ്റില്‍ നാശമായി.

കലിബോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കാറ്റിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. വിമാനത്താവളത്തിന് 100 മീറ്റര്‍ അകലെ വരെ എല്ലാം കാറ്റ് തകര്‍ത്തിരിക്കുകയാണ്. നിരവധി വീടുകളാണ് ശക്തമായ കാറ്റില്‍ പൂര്‍ണമായും തകര്‍ന്നത്. ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതത്തൂണുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടു.

ചുഴലിക്കാറ്റ് തുടരുന്നതിനാല്‍ രക്ഷപ്രവര്‍ത്തനവും എളുപ്പമല്ലെന്നാണ് ഫിലിപ്പീന്‍സ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ നാശനഷ്‍ടങ്ങളുടെ കണക്കുകളെടുക്കാനും ഇപ്പോള്‍ സാധിക്കില്ല. നിരവധി ആളുകളെ കാണാതായതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.

Share this news

Leave a Reply

%d bloggers like this: