ലണ്ടനിലെ നിയമ പോരാട്ടം വിജയിച്ചു; ഹൈദരാബാദ് നിസാമിന്റെ 325 കോടി രൂപ ഇന്ത്യയ്ക്ക് ലഭിച്ചു

വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഹൈദരാബാദ് നിസാമിന്റെ സമ്പാദ്യം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ദേശീയ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ 35 മില്യണ്‍ ഡോളറിന്റെ (325 കോടി രൂപ) സമ്പാദ്യമാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ലഭിച്ചത്. സമ്പാദ്യം ഹൈക്കമ്മീഷന് ലഭിച്ചതായി ലണ്ടനിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ 70 വര്‍ഷം പഴക്കമുള്ള നിയമ തര്‍ക്കത്തിനാണ് പരിഹാരമായത്.

ലണ്ടന്‍ ഹൈക്കോടതിയില്‍ ആറ് വര്‍ഷമായി പാകിസ്ഥാനെതിരെ പോരാടിയ കേസില്‍ ഇന്ത്യയ്ക്കും ഹൈദരാബാദിലെ എട്ടാം നൈസാമായ മുക്കാറം ജയ്ക്കും ഇളയ സഹോദരന്‍ മുഫഖാം ജയ്ക്കും അനുകൂലമായി കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ലണ്ടന്‍ കോടതിയില്‍ ഇന്ത്യ കേസ് നടത്തിയതിന് ചെലവായ തുകയുടെ 65 ശതമാനം പാകിസ്ഥാന്‍ നല്‍കാനും കോടതി ഉത്തരവായിരുന്നു. 2.8 ദശലക്ഷം പൗണ്ട് (26 കോടിരൂപ) ആണ് പാകിസ്ഥാന്‍ കൈമാറിയത്.

1948 സെപ്റ്റംബര്‍ 20ന് നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കില്‍ നിസാം നിക്ഷേപിച്ച ഒരു ദശലക്ഷം പൗണ്ടും ഒരു ഗിനി(നാണയം)യും ആണ് വര്‍ഷങ്ങള്‍ കൊണ്ട് 35 ദശലക്ഷം പൗണ്ടിലേക്ക് എത്തിയത്. പാകിസ്ഥാനും ഈ തുകയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ നിസാമിന്‍റെ പിന്‍ഗാമിക്ക് അനുകൂലമായി ലണ്ടനിലെ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇന്ത്യയ്‍ക്ക് വേണ്ടിയാണ് പണം നിസാം ബാങ്കില്‍ നിക്ഷേപിച്ചതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: