ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കുമോ?

നാസ പറയുന്നു ഒരു ഛിന്നഗ്രഹം ഇന്ന് ഭൂമിയെ ഇടിക്കും. – ഇങ്ങനെയൊക്കെയാണ് മെസേജുകള്‍ ഓടിക്കളിക്കുന്നത്. 
സംഗതി ഒള്ളതാണോ?

സംഗതി, ഈ ഛിന്നഗ്രഹം ഭൂമിക്കടുത്തുകൂടെ കടന്നുപോകുന്നുണ്ട്. ഭൂമിക്കടുത്തുകൂടെ എന്നു പറഞ്ഞാല്‍ ഏതാണ്ട് അറുപത് ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി എന്നാണ് അര്‍ത്ഥം!

ആയിരക്കണക്കിനു കിലോമീറ്റര്‍ വലിപ്പമുള്ള ചന്ദ്രന്‍ നമ്മില്‍നിന്ന് വെറും 4 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. ഇന്നത്തെ ഈ ഛിന്നഗ്രഹം കടന്നുപോകുന്നത് ചന്ദ്രനെക്കാള്‍ 15 ഇരട്ടി അകലത്തിലൂടെയും. 163373 (2002 PZ39) എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഒരു സെക്കന്‍ഡില്‍ 15കിലോമീറ്റര്‍ എന്ന വലിയ വേഗതയിലാണ് സഞ്ചാരം. അരകിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍വരെ വലിപ്പമുണ്ടാവാം ഇതിന്. നേരിട്ടുവന്ന് ഇത് ഭൂമിയില്‍ ഇടിച്ചാല്‍ കുറെ പ്രദേശം പിന്നെ അവിടെ ഉണ്ടാവില്ല എന്നതൊക്കെ നേര്.

പക്ഷേ അറുപത് ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി പോകുന്ന ഈ ഛിന്നഗ്രഹത്തെ ഒട്ടും പേടിക്കേണ്ടതില്ല. അതങ്ങ് പൊയ്ക്കോളും! ഇന്നുമാത്രമല്ല, നാളെയും മറ്റന്നാളും ഒക്കെ ഇനിയും ഇത്തരം കല്ലുകള്‍ ഭൂമിക്കടുത്തൂടെ കടന്നുപോകുന്നുണ്ട്. ഇന്ന് പോകുന്നത്ര വലിപ്പമില്ല എന്നു മാത്രം. പട്ടിക നോക്കിയാല്‍ ഏകദേശ ധാരണ കിട്ടും. ദൂരം LD – au എന്നാകും പട്ടികയില്‍. LD ചന്ദ്രനിലേക്കുള്ള ദൂരമാണ്. ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍. au എന്നത് സൗരദൂരം ആണ്. 15കോടി കിലോമീറ്റര്‍ വരും അത്. 

ലേഖകൻ : നവനീത്

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

Share this news

Leave a Reply

%d bloggers like this: