കോവിഡ്-19: Lock Down നിയന്ത്രണ ലഘൂകരണം രണ്ടാം ഘട്ടം ജൂണിൽ

കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ജൂൺ രണ്ടാം വാരത്തിൽ ആരംഭിക്കും.

രാജ്യത്ത്‌ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അഞ്ച് ഘട്ടങ്ങളിലൂടെ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണവും മരണനിരക്കും കുറഞ്ഞു വരുകയാണെന്നും 100-ൽ താഴെ കേസുകൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വളരെ കുറച്ചു ഇളവുകൾ മാത്രമാണ് ഒന്നാം ഘട്ടത്തിൽ ഏർപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ്‌ വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ഉടനടി സർക്കാരിന് സമർപ്പിക്കുമെന്നും നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചതിലൂടെ രോഗവ്യാപനം ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ കോവിഡ് -19 വ്യാപനത്തിന് കാരണമായോ എന്ന് ഈ ആഴ്ച അവസാനം അറിയാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

രോഗവ്യാപനം കുറയുകയാണെങ്കിൽ ബിസ്സിനസ്സുകൾ പുനരാരംഭിക്കുന്നതിന്റെ വേഗത വർധിപ്പിക്കാമെന്ന് NPHET സർക്കാരിനെ അറിയിച്ചു.

ഓരോ ഘട്ടവും മൂന്നാഴ്ച നീണ്ടുനിൽക്കും. രണ്ടാം ഘട്ടം ജൂൺ 8-ന് ആരംഭിക്കും. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനൊടൊപ്പം ചില്ലറ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കും.

നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ കോവിഡ് -19 ക്ലസ്റ്ററുകളിൽ വർദ്ധനവുണ്ടായാൽ അവ കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും ഹോളോഹാൻ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: