ഹോസ്പൈപ്പ്: രാജ്യവ്യാപകമായി ആറാഴ്ച നിരോധിക്കും

അയർലണ്ടിൽ ആറ് ആഴ്ചക്കാലത്തേക്ക് രാജ്യവ്യാപകമായി ഹോസ്പൈപ്പ് നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഐറിഷ് വാട്ടർ അറിയിച്ചു. കോവിഡ് -19 വ്യാപനത്തെ തുടർന്ന് രാജ്യത്തെ ലോക്ക്ഡൗൺ സമയത്തെ കാലാവസ്ഥയും ആഭ്യന്തര ജല ഉപയോഗത്തിലുണ്ടായ വർധനവുമാണ് ഇതിനുകാരണമെന്ന് ഐറിഷ് വാട്ടർ പറഞ്ഞു.

വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന സമയങ്ങളിലാണ് ലോക്ക്ഡൗൺ ആരംഭിച്ചതും ജലത്തിന്റെ ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചതും. ഇത് രാജ്യത്ത്‌ വരൾച്ച സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായെന്നും ഐറിഷ് വാട്ടർ പറഞ്ഞു.

900 ദേശീയ ജലപദ്ധതികൾ ഉള്ളതിൽ 27 എണ്ണം വരൾച്ചയിലാണെന്നും 50 എണ്ണം അപകടസ്ഥിതിയിലാണെന്നും കമ്പനി അറിയിച്ചു. ലോക്ക്ഡൗണിനു ശേഷം ബിസിനസുകൾ പുനരാരംഭിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ സപ്ലൈകൾ ആവശ്യമായി വരുമെന്നും അവർ പറഞ്ഞു.

ഗാർഡൻ ഹോസ്പൈപ്പിംഗ്, പാഡ്ലിംഗ് പൂളുകളിൽ ജലം നിറയ്ക്കൽ, കാറുകൾ കഴുകൽ തുടങ്ങിയവ പോലുള്ള അനിവാര്യമല്ലാത്ത ജല ഉപയോഗങ്ങൾ നിരോധിച്ചതായി ജലസംരക്ഷണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലം പൂന്തോട്ടത്തിനായി പുനരുപയോഗം ചെയ്യാനും ജനങ്ങളോട് കമ്പനി നിർദ്ദേശിച്ചു.

വലിയ പാഡ്ലിംഗ് കുളങ്ങൾ വാങ്ങാനോ ഉപയോഗിക്കാനോ പാടില്ലെന്നും തോട്ടങ്ങൾ നനയ്ക്കാൻ ഹോസ്പൈപ്പുകൾ ഉപയോഗിക്കരുതെന്നും, കാറുകൾ ഹോസ്പൈപ്പുകൾ ഉപയോഗിച്ച് കഴുകരുതെന്നും ഐറിഷ് വാട്ടർ മാനേജിംഗ് ഡയറക്ടർ നിയാൾ ഗ്ലീസൺ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ശുചിത്വ ആവശ്യങ്ങൾക്കും, പുനരാരംഭിക്കുന്ന ബിസിനസ്സ് മേഖലയുടെ പ്രവർത്തനങ്ങൾക്കും ജലം ആവശ്യമാണെന്നും അത് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 21 ചൊവ്വാഴ്ച വരെ നിരോധനം നിലനിൽക്കുമെന്നും കൂടുതൽ അറിയിപ്പുകൾ കാലാവസ്ഥയെ ആശ്രയിച്ച് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാട്ടർ സിസ്റ്റത്തിൽ 38% ചോർച്ച തുടരുന്നുണ്ടെങ്കിലും ഐറിഷ് വാട്ടർ ഓരോ മാസവും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 1500-ലധികം അറ്റകുറ്റപ്പണികളാണ് നടത്താറുള്ളത്.
ചോർച്ചകളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജല ലഭ്യത വളരെ കുറവായതിനാൽ അടുത്ത ആറ് ആഴ്ചയ്കളിൽ അനിവാര്യമല്ലാത്ത കാര്യങ്ങൾക്ക് വെള്ളം ഉപയോഗിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

1850-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലാവസ്ഥയാണ് അയർലൻഡ് ഈ വർഷം നേരിടുന്നതെന്ന് മെറ്റ് ഐറാൻ പറഞ്ഞു. മിക്കവാറും എല്ലാ പ്രദേശങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലാണെന്നും എല്ലാ രാജ്യങ്ങളിലെയും മഴയുടെ അളവ് മുൻവർഷത്തെക്കാൾ കുറവാണെന്നും മെറ്റ് ഐറാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: