ലോകത്തിലെ ഏറ്റവും വലിയ വിമാനം അന്റോനോവ്-225 ചൈനയിൽ നിന്നുള്ള പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റുകളുമായി ഷാനോൺ വിമാനത്താവളത്തിൽ പറന്നിറങ്ങി

ലോകത്തിലെ ഏറ്റവും വലിയ വിമാനമായ അന്റോനോവ്-225 അയർലണ്ടിലെ ഷാനോൺ വിമാനത്താവളത്തിൽ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റുകളുമായി  എത്തി. ആറ് നിലകളുടെ ഉയരമുള്ള ആന്റോനോവ്-225 വിമാനം ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നേരത്തെ നിശ്ചയിച്ചതിൽ നിന്നും 24 മണിക്കൂർ വൈകിയാണ് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. 

ഇത്രയധികം PPE കിറ്റുകൾ അയർലണ്ടിലെത്തുന്നത് ഇതാദ്യമാണ് . ബോയിംഗ് – 737 വിമാനം തിങ്കളാഴ്ച ഷാനോൺ വിമാനത്താവളത്തിൽ ചരക്കുമായി എത്തിയിരുന്നു. ഈ ആഴ്ചയിൽ ഷാനോണിൽ എത്തിയ രണ്ടാമത്തെ ചരക്കുവിമാനമാണിത്.

ഷാനൻ ആസ്ഥാനമായുള്ള വെസ്റ്റ് കോസ്റ്റ് ഏവിയേഷൻ വഴിയാണ് HSE-യ്ക്കുള്ള PPE കിറ്റുകളുമായി വിമാനം ഷാനോണിൽ പറന്നിറങ്ങിയത്. അസർബൈജാൻ, കസാക്കിസ്ഥാൻ, ജർമ്മനി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഓവർ നടത്തിയ ശേഷമാണ് വിമാനം അയർലണ്ടിൽ എത്തിയത്. ക്രോക്ക് പാർക്കിലെ പിച്ചിനേക്കാൾ വീതിയുള്ള ചിറകുകളാണ് ഈ കൂറ്റൻ വിമാനത്തിന്റേത്.

ചൈനയിൽ നിന്നും കയറ്റുമതി ചെയ്ത പേഴ്സണൽ പ്രൊട്ടക്റ്റീവ് എ ക്യുപ്മെന്റുകൾ വിമാനത്തിലേക്ക് ലോഡുചെയ്യാൻ 15 മണിക്കൂർ എടുത്തിരുന്നു. മെഡിക്കൽ ഉപകരണങ്ങളും 900,000 മെഡിക്കൽ ഗൗണുകളുമാണ് ഇതിൽ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ 12 ദിവസം വരെ ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങൾ ഇതിൽ ഉണ്ടെന്ന് HSE അറിയിച്ചു.

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ (3km, 3199 meters) റൺവേയുള്ള ഷാനോനാണ് നിലവിൽ ആന്റോനോവ് -225 കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഏക വിമാനത്താവളം. മുൻപ് മൂന്ന് തവണ ആന്റോനോവ് -225 ന് ഷാനോണിൽ പറന്നിറങ്ങിയിട്ടുണ്ട്.  അവസാനത്തേത് 2015 ഏപ്രിലിലാണ്.

അയർലണ്ടിലേക്കുള്ള ഈ സുപ്രധാന ചരക്ക് നീക്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഷാനോൺ എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ നിയാൽ മലോനി പറഞ്ഞു.

PPE കാർഗോ ഫ്ലൈറ്റുകളുടെ സുരക്ഷിതമായ വരവ് ഉറപ്പുവരുത്തുന്നതിനായി എയർപോർട്ട് സ്റ്റാഫുകൾ അക്ഷീണം പരിശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് വിമാനത്തിന്റെ വരവ് കാണാൻ ഷാനനിലേക്ക് വരരുതെന്ന് നേരത്തെ മലോനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 2015-ലെ യാത്രയിൽ മൂവായിരത്തോളം ആളുകൾ കാണാനായി എത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിമാനമായ അന്റോനോവ്-225 ന് 43 മീറ്റർ നീളമുള്ള കാർഗോ കമ്പാർട്ട്മെന്റ് ഉണ്ട്. 50 കാറുകൾ വരെ വഹിക്കാൻ ഇതിനു സാധിക്കും. ആറ് എഞ്ചിനുകളും 32 ചക്രങ്ങളുമുള്ള വിമാനത്തിന്റെ ഭാരം 7 ദശലക്ഷം പൗണ്ടാണ്. 640,000 കിലോഗ്രാം പരമാവധി ടേക്ക് ഓഫ് ഭാരം എന്ന റെക്കോർഡും ഈ വിമാനം സ്വന്തമാക്കി. 1985-ൽ റഷ്യൻ ബഹിരാകാശ പദ്ധതിക്കായാണ് ആദ്യമായി ഈ വിമാനം കമ്മീഷൻ ചെയ്തത്.

Share this news

Leave a Reply

%d bloggers like this: