കോവിഡിനെതിരെ പോരാടാം കരുതലോടെ

അയർലണ്ടിൽ കോവിഡ് -19 വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വൈറസിനെതിരെ കരുതലോടെ പോരാടാമെന്ന് പ്രധാന മന്ത്രി പറഞ്ഞു. 32 പേർക്കാണ് ഇന്നലെ കൊറോണ വൈറസ്‌ബാധ സ്ഥിരീകരിച്ചത്.

കോവിഡ് -19 നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകളുടെ ദുരുപയോഗം രോഗവ്യാപനം വർധിക്കുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ കോവിഡ്-19 പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

വീടുകളിലെ ഒത്തുചേരലുകളിൽ ഒരേ സമയം 10 പേർ മാത്രമേ പാടുള്ളൂ. അനിയന്ത്രിതമായ ഹൗസ് പാർട്ടികൾ വൈറസ് പടർന്നു പിടിക്കാൻ കാരണമായെന്നും പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.

ഇൻഡോർ പാർട്ടികളിൽ 50 പേരും ഔട്ട്‌ഡോർ പാർട്ടികളിൽ 200 പേരും മാത്രമേ പാടുള്ളൂ. ഈ നിയന്ത്രണം ഓഗസ്റ്റ് 10 വരെ തുടരും. ഭക്ഷണ വില്പന ഇല്ലാത്ത പബ്ബുകൾ ജൂലൈ 20 ന് ശേഷം തുറക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഓഗസ്റ്റ് 10-ന് ശേഷം മാത്രമേ തുറക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സെപ്റ്റംബറിൽ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുക, കോവിഡ് ഇതര ആരോഗ്യ സേവനങ്ങൾ കഴിയുന്നത്ര വേഗത്തിൽ പുനരാരംഭിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മുൻ‌ഗണന നൽകുന്നതെന്നും മാർട്ടിൻ പറഞ്ഞു.

ഷോപ്പുകളിലും മറ്റ് ഇൻഡോർ ക്രമീകരണങ്ങളിലും ഫേസ്മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ക്യാബിനറ്റ് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടാകും. കൂടാതെ ശാരീരിക അകലം ഉൾപ്പെടയുള്ള എല്ലാ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: