കോവിഡ് -19 വ്യാപനം കണക്കിലെടുക്കാതെ പബ്ബുകൾ തുറക്കാൻ തീരുമാനം : ആശ്ചര്യപ്പെട്ട് ആരോഗ്യ വിദഗ്ധർ

കോവിഡ് -19 വ്യാപനത്തെ തുടർന്ന് അയർലണ്ടിലെ പബ്ബുകൾ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ പബ്ബുകൾ തുറക്കുന്നത് ഉചിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധരും ഉപദേശം നൽകിയിരുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളെയെല്ലാം കാറ്റിൽ പറത്തുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം. വരുന്ന ആഴ്ചയിൽ രാജ്യത്തെ പബ്ബുകളുടെ പ്രവർത്തനം പൂർണ്ണമായും പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് സൂചന. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പബ്ബുകൾ തുറക്കുന്നത് അനുയോജ്യമല്ലെന്നാണ്  ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഡബ്ലിനിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ കേസുകളിൽ 44 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴിയാണെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ സ്ഥിരീകരിച്ചിരുന്നു. ഡബ്ലിനിലും ലീമെറിക്കിലും ഉണ്ടാകുന്ന വർദ്ധനവ് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക ഉളവാക്കുന്നുമുണ്ട്.

ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പബ്ബുകൾ തുറക്കുന്നത് അനുചിതമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Share this news

Leave a Reply

%d bloggers like this: