സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സന്നദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി സെന്റ് ജോൺ ഓഫ് ഗോഡ്

ഒരു നൂറ്റാണ്ടിലേറെയായി അയർലണ്ടിന്റെ ആരോഗ്യ മേഖലയിൽ നടത്തിവന്ന സന്നദ്ധ പ്രവർത്തനം അവസാനിപ്പിക്കുകയാണ് സെന്റ് ജോൺ ഓഫ് ഗോഡ്. കഴിഞ്ഞ ദിവസം നടത്തിയ പ്രതേക വാർത്താസമ്മേളനത്തിലാണ് SJOG ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിനു കാരണമെന്നും SJOG വക്താവ് അറിയിച്ചു. ഇതുവരെ ചെയ്തു കൊണ്ടിരുന്ന സന്നദ്ധ പ്രവർത്തനങ്ങളെല്ലാം തന്നെ HSE-ക്ക് കൈമാറുകയാണെന്നും അവർ അറിയിച്ചു.

അടുത്ത 12 മാസത്തിനുള്ളിൽ ഉത്തരവാദിത്തങ്ങൾ HSE-ക്ക് കൈമാറും. 2021 ഒക്ടോബർ 1-നകം സേവനങ്ങൾ നൽകുന്നതിലെ പങ്കാളിത്തം പൂർണ്ണമായും SJOG അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് SJOG ഇന്നലെ HSE-ക്ക് കൈമാറി.

മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, യുവാക്കൾ, മുതിർന്നവർ തുടങ്ങി 8,000-ത്തോളം പേരാണ് നിലവിൽ SJOG സേവനങ്ങൾ സ്വീകരിക്കുന്നത്. കൂടാതെ ഡബ്ലിൻ, കിൽ‌ഡെയർ, കെറി, വിക്ലോ, മീത്ത്, ലോത്ത് തുടങ്ങിയ കൗണ്ടികളിലെ വിവിധ ഇടങ്ങളിലായി 3,000 പേർ SJOG-ക്ക് കീഴിൽ ജോലി ചെയ്യുന്നു.

സംഘടനയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളുകളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയെന്നും സെന്റ് ജോൺ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സർവീസസ് ചീഫ് എക്സിക്യൂട്ടീവ് ക്ലെയർ ഡെംപ്‌സി പറഞ്ഞു. SJOG-യുടെ കത്ത് ലഭിച്ചതായി HSE വക്താവ് സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: