അയർലണ്ടിൽ ജോലിക്കിടെ നിങ്ങൾക്ക് നിയമപരമായി എത്ര സമയം വിശ്രമിക്കാം? Organization of Working Time Act-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അയര്‍ലണ്ടില്‍ തൊഴിലാളികളുടെ ജോലി സമയം, വിശ്രമം എന്നിവ കൃത്യമായി ഉറപ്പാക്കുന്ന നിയമമാണ് Organization of Working Time Act 1997.  ഓരോ വര്‍ഷങ്ങളിലും നിയമത്തില്‍ കാലികമായ മാറ്റങ്ങളും ഭേദഗതികളും സംഭവിച്ചിട്ടുമുണ്ട്.  ഈ നിയമപ്രകാരം കമ്പനി/മുതലാളി ഒരു സാധാരണ ആഴ്ചയില്‍ 48 മണിക്കൂറിലധികം തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കാന്‍ പാടില്ല. വിവിധ തൊഴിലിടങ്ങളിലെ സാഹചര്യത്തിനനുസരിച്ച് 4, 6, 12 മാസങ്ങളിലെ ശരാശരി ജോലിസമയം കണക്കുകൂട്ടിയാണ് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയം എന്ന് നിഷ്‌കര്‍ഷിക്കുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ ശരാശരി ജോലി സമയം കണക്കാക്കുന്നത് ഇപ്രകാരം:

1. സാധാരണ ജോലിക്കാരുടെ ജോലി സമയം കണക്കാക്കുന്നത് – 4 മാസത്തെ ശരാശരി.

2. സീസണലായ ജോലികളിലോ, കമ്പനി നല്‍കുന്ന സര്‍വീസ്/പ്രൊഡക്ട് എന്നിവയില്‍ തൊഴിലാളിയുടെ നേരിട്ടുള്ള മേല്‍നോട്ടം ആവശ്യമായ ജോലികളിലോ 6 മാസം കൂടുമ്പോഴാണ് ശരാശരി ജോലി സമയം കണക്കാക്കുക.

3. മുതലാളിയും തൊഴിലാളിയും പ്രത്യേകമായി ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ ജോലികളില്‍ 12 മാസം കൂടുമ്പോഴാണ് ശരാശരി ജോലി സമയം കണക്കാക്കുക. ഈ കരാര്‍ പക്ഷേ Labour Court അംഗീകരിച്ചതാകണം.

വിശ്രമം

24 മണിക്കൂറിനിടെ തുടര്‍ച്ചയായി 11 മണിക്കൂര്‍ വിശ്രമം തൊഴിലാളിക്ക് ലഭിച്ചിരിക്കണം. ഏഴ് ദിവസത്തിനിടെ തുടര്‍ച്ചയായി 24 മണിക്കൂര്‍ വിശ്രമവും നല്‍കണം.

നാലര മണിക്കൂറിലേറെ ജോലി ചെയ്താല്‍ 15 മിനിറ്റ് വിശ്രമം നല്‍കണം. ആറ് മണിക്കൂറിലേറെയാണെങ്കില്‍ അര മണിക്കൂറാണ് വിശ്രമം നല്‍കേണ്ടത്. വിശ്രമ സമയത്തിന് ശമ്പളം നല്‍കണമെന്ന് നിബന്ധനയില്ല.

രാത്രി ജോലി

അര്‍ദ്ധരാത്രി മുതല്‍ പിറ്റേന്ന് രാവിലെ 7 മണി വരെയുള്ള സമയമാണ് രാത്രി ജോലിയായി നിയമം കണക്കാക്കുന്നത്.

Night Worker വിഭാഗത്തില്‍ പെടുന്നവര്‍ ഇവരാണ്:

ദിവസത്തില്‍ 3 മണിക്കൂറെങ്കിലും രാത്രി ജോലി ചെയ്യുന്നവര്‍.

വര്‍ഷത്തില്‍ ആകെയുള്ള ജോലി സമയത്തിന്റെ 50 ശതമാനമോ, അതിലധികമോ രാത്രി സമയത്ത് ജോലി ചെയ്തവര്‍.

Night Worker-മാരെക്കൊണ്ട് ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ മാത്രമേ രാത്രിയില്‍ ജോലിയെടുപ്പിക്കാന്‍ പാടുള്ളൂ. രണ്ട് മാസം കൂടുമ്പോള്‍ ഈ ജോലി സമയം പരിശോധിക്കണം. ഇതിലധികം സമയം ജോലി ചെയ്യിക്കണമെങ്കില്‍ Labour Court അംഗീകരിച്ച കരാറില്‍ കമ്പനിയും തൊഴിലാളിയും ഒപ്പു വയ്ക്കണം.

ശാരീരികമോ മാനസികമോ ആയി കഠിനാധ്വാനം വേണ്ടി വരുന്ന ജോലിയാണെങ്കില്‍, ദിവസേന രാത്രിയില്‍ 8 മണിക്കൂലധികം ഇവരെക്കൊണ്ട് യാതൊരു കാരണവശാലും ജോലിയെടുപ്പിക്കാന്‍ പാടില്ല.

Banded Hours

The Employment (Miscellaneous) Provisions Act 2018 പ്രകാരം ജോലി സമയം (banded hours) വ്യക്തമാക്കുന്ന രേഖ ജോലിക്കാരുടെ അപേക്ഷ പ്രകാരം എഴുതി നല്‍കാന്‍ കമ്പനി/മുതലാളി ബാധ്യസ്ഥരാണ്. അപേക്ഷ ലഭിച്ച് നാലാഴ്ചയ്ക്കകം ഇത് നല്‍കിയിരിക്കണം. 2019 മാര്‍ച്ച് മുതല്‍ ഈ നിയമം നിലവിലുണ്ട്. നിയമം അനുശാസിക്കുന്ന ജോലി സമയം തന്നെയാണ്, തന്നെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതെന്ന് ഉറപ്പാക്കാന്‍ തൊഴിലാളിക്ക് ഇതിലൂടെ സാധിക്കും. അഥവാ അതിന് മാറ്റമുണ്ടെങ്കില്‍ ഈ banded hours-ല്‍ തന്നെ തന്റെ ജോലി സമയം ക്രമീകരിക്കാന്‍ തൊഴിലാളിക്ക് കമ്പനിയോട് ആവശ്യപ്പെടാം.

അതേസമയം പ്രത്യേക സാഹചര്യങ്ങളില്‍ ഈ banded hours-ന് അനുസൃതമല്ലാതെ തൊഴിലാളികളെ ജോലിയെടുപ്പിക്കാന്‍ കമ്പനിക്ക് കഴിയും. അവ താഴെ പറയും പ്രകാരം:

a. തൊഴിലാളിയുടെ വാദം ശരിയല്ലെങ്കില്‍

b. ബിസിനസിനെ ബാധിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളുണ്ടായാല്‍ (ഉദാ: വലിയൊരു കോണ്‍ട്രാക്ട് നഷ്ടമാകല്‍)

c. അടിയന്തര സാഹചര്യങ്ങള്‍ (ഉദാ: വെള്ളപ്പൊക്കം)

d. മറ്റ് ഒഴിച്ചുകൂടാനാകാത്ത താല്‍ക്കാലിക സാഹചര്യങ്ങള്‍ (ഉദാ: മറ്റൊരു ജോലിക്കാരി maternity leave-ല്‍ ആവുക)

ഇതല്ലാത്ത സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം ജോലിയെടുപ്പിക്കുകയാണെങ്കില്‍ തൊഴിലാളിക്ക് ഇത് സംബന്ധിച്ച് Workplace Relations Commission (WRC)-ല്‍ പരാതി നല്‍കാം. അതേസമയം മുതലാളിയും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തി ഉണ്ടാക്കിയ banded hours കരാറില്‍ WRC ഇടപെടില്ല. 2018-ലെ നിയമ പ്രകാരമുള്ള bands of hours ലിസ്റ്റ് താഴെ:

Band       From              To

A             3 hours or more                Less than 6 hours

B             6 hours or more                Less than 11 hours

C             11 hours or more             Less than 16 hours

D             16 hours or more             Less than 21 hours

E              21 hours or more             Less than 26 hours

F              26 hours or more             Less than 31 hours

G             31 hours or more             Less than 36 hours H             36 hours or more            

കടപ്പാട്: നിഷാന്ത് ജെയിംസ്

Share this news

Leave a Reply

%d bloggers like this: