ഇന്ന് വാലന്റൈൻസ് ഡേ: ഓൺലൈൻ പ്രണയ കുരുക്കുകളിൽ പെട്ട് വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ഗാർഡ

അയര്‍ലണ്ടുകാര്‍ ഓൺലൈൻ പ്രണയത്തെത്തുടര്‍ന്നുള്ള തട്ടിപ്പുകളില്‍ കുടുങ്ങി വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ. വാലന്റൈന്‍സ് ഡേ പ്രമാണിച്ചുള്ള മുന്നറിയിപ്പിലാണ് രാജ്യത്ത് പ്രണയം ഭാവിച്ചുള്ള നിരവധി തട്ടിപ്പുകള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ വ്യക്തമാക്കിയത്. 2020-ല്‍ ഇത്തരത്തില്‍ 200-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ വഞ്ചിതരാകുകയും, പലര്‍ക്കും ശരാശരി 20,000 യൂറോ വരെ നഷ്ടമാകുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി രാജ്യത്തിനകത്തും പുറത്തുമുള്ളവരെ പ്രണയിക്കുകയും, അവര്‍ പറയും പ്രകാരം പണം നല്‍കുന്നതോടെ ബന്ധം അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് തട്ടിപ്പ്. ഈയടുത്ത കാലത്തായി learning difficulties ഉള്ളവരെ ലക്ഷ്യമിട്ട് ഇത്തരം തട്ടിപ്പുകള്‍ ഏറിയതായും ഗാര്‍ഡ പറയുന്നു.

അമേരിക്കയിലെ ഒരു സ്ത്രീയെ ഓണ്‍ലൈന്‍ വഴി പ്രേമിച്ച അയര്‍ലണ്ടുകാരന്‍ പലപ്പോഴായി 21,000 യൂറോയാണ് അവര്‍ക്ക് അയച്ചു നല്‍കിയത്. ഓണ്‍ലൈന്‍ ഡേറ്റിങ് വഴിയായിരുന്നു ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. പണം ലഭിച്ചതോടെ സ്ത്രീ ബന്ധം അവസാനിപ്പിച്ചു.

ഡേറ്റിങ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ എന്നിവിടങ്ങളില്‍ വ്യാജ പേരും, മറ്റ് വിവരങ്ങളുമായി നിരവധി പേര്‍ ഇത്തരം തട്ടിപ്പ് നടത്തുന്നതായി ഗാര്‍ഡ പറയുന്നു. ഇവര്‍ നല്‍കുന്ന ഫോട്ടോകളും മിക്കപ്പോഴും മറ്റാരുടെയെങ്കിലും ആകും. വലയില്‍ വീഴുന്നവരില്‍ നിന്നും കിട്ടുന്നത്ര പണം അടിച്ചെടുക്കുകയും, ഇനി പണം ലഭിക്കില്ല എന്ന ഘട്ടം വരുമ്പോള്‍ ഇവര്‍ അപ്രത്യക്ഷരാകുകയും ചെയ്യും. ധന നഷ്ടത്തിനൊപ്പം മാനസികമായി ഇരകള്‍ തകരുന്നതും പതിവാണ്.

സ്വന്തമോ അല്ലെങ്കില്‍ ബന്ധുവിന്റെയോ ചികിത്സ, നേരില്‍ കാണാന്‍ വരുന്നതിനായുള്ള ചെലവ്, ടാക്‌സ് അടവ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ തുടങ്ങിയവ പറഞ്ഞാകും ഇവര്‍ സാധാരണ പണം ആവശ്യപ്പെടുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നവര്‍ പണം ചോദിക്കുമ്പോള്‍ ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യരുതെന്നും, ബാങ്ക് വിവരങ്ങളും മറ്റും നല്‍കരുതെന്നും ഗാര്‍ഡ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വെബ്ക്യാം വഴി ചാറ്റിങ്ങിനിടെയോ, മറ്റുരീതിയിലോ സ്വകാര്യ വീഡിയോ തട്ടിപ്പുകാര്‍ക്ക് ലഭിച്ചാല്‍ അത് ബ്ലാക്ക് മെയിലിങ്ങിലേയ്ക്കും നയിച്ചേക്കാം. തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ടാല്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Share this news

Leave a Reply

%d bloggers like this: