നേരത്തെ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് 14 ദിവസ സെൽഫ് ഐസൊലേഷൻ വേണ്ടിവരില്ല; ഇവർക്ക് ആറ് മാസം വരെ പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് റിപ്പോർട്ട്

നേരത്തെ കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി ഇടപഴകുന്ന സാഹചര്യമുണ്ടായാല്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന നിയമം ഇളവ് ചെയ്യാന്‍ സാധ്യത. ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ 6 മാസം വരെ ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന National Public Health Emergency Team (Nphet) നിര്‍ദ്ദേശം അംഗീകരിച്ച്, ഇത്തരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇളവ് നല്‍കാനാണ് അധികൃതര്‍ ആലോചിക്കുന്നതെന്ന് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മൂന്ന് മാസം വരെയായിരുന്നു പ്രതിരോധം എന്നായിരുന്നു കണക്കാക്കിയിരുന്നത്.

പുതിയ നിയന്ത്രണമനുസരിച്ച്, കോവിഡ് പോസിറ്റീവായ രോഗിയുമായി ഇടപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, നേരത്തെ കോവിഡ് ബാധിച്ചിരുന്നവരാണെങ്കില്‍ ഇനി മുതല്‍ സെല്‍ഫ് ഐസൊലേഷന്‍ വേണ്ടിവരില്ല. ഇതോടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പ്രതിരോധത്തിനായി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സെല്‍ഫ് ഐസൊലേഷന്‍ വേണ്ടിവരുന്നതിനാല്‍ പലര്‍ക്കും ജോലിക്കെത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

Nphet നിര്‍ദ്ദേശം നിലവില്‍ HSE പരിഗണിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

അതേസമയം കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം പുതുവര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി HSE അറിയിച്ചു. നിലവില്‍ 550 പേരാണ് ഇത്തരത്തില്‍ ചികിത്സയിലുള്ളത്. ഇതില്‍ 135 പേര്‍ ICU-വിലാണ്. അയര്‍ലണ്ട് കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും, പക്ഷേ ജാഗ്രത തുടരണമെന്നും HSE തലവന്‍ Paul Reid ട്വിറ്ററിലൂടെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: