യൂറോകപ്പ്: വാശിയേറിയ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു; ക്വാർട്ടർ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം; ഞെട്ടിച്ച് സ്വിറ്റ്സർലൻഡ്; ഇംഗ്ലണ്ടും സ്പെയിനും പ്രതീക്ഷയിൽ

പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ 2020 യുവേഫ യൂറോകപ്പ് ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ് ആയി. പ്രീക്വാര്‍ട്ടറില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങളില്‍ വിജയിച്ച 8 ടീമുകള്‍ ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

വെയില്‍സിനെ 0-4-ന് തോല്‍പ്പിച്ച് ഡെന്മാര്‍ക്കും എക്‌സ്ട്രാ ടൈമിലേയ്ക്ക് കടന്ന മത്സരത്തില്‍ ഓസ്ട്രിയയെ 1-2-ന് പരാജയപ്പെടുത്തി ഇറ്റലിയും പ്രീക്വാര്‍ട്ടറില്‍ വിജയം നേടി. നെതര്‍ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ 2-0-നും, ബെല്‍ജിയം കരുത്തരായ പോര്‍ച്ചുഗലിനെ 1-0-നും തോല്‍പ്പിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് യോഗ്യത നേടി.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ക്രൊയേഷ്യയെ 3-5-ന് തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. ആവേശം അലതല്ലിയ പോരാട്ടം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടിരുന്നു. അതുപോലെ ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലണ്ട് മത്സരവും കരുത്തരുടെ പോരാട്ടമായി. 3-3 എന്ന ഫുള്‍ ടൈം സ്‌കോറില്‍ നിന്നും എക്‌സ്ട്രാ ടൈമിനും ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 വിജയത്തോടെ ലോകചാമ്പ്യന്മാരെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ 0-2-ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. അന്നു നടന്ന മറ്റൊരു മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ സ്വീഡനെ 1-2 തോല്‍പ്പിച്ച് ഉക്രെയിനും ക്വാര്‍ട്ടറിലേയ്ക്ക് മാര്‍ച്ച് ചെയ്തു.

വെള്ളിയാഴ്ച മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ജൂലൈ 2-ന് സ്വിറ്റ്‌സര്‍ലണ്ട്- സ്‌പെയിന്‍ മത്സരവും, ബെല്‍ജിയം-ഇറ്റലി മത്സരവും നടക്കും. ജൂലൈ 3-ന് ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെയും, ഉക്രെയിന്‍ ഇംഗ്ലണ്ടിനെയും നേരിടും.

ഒരിക്കല്‍പ്പോലും യൂറോ കപ്പ് നേടാന്‍ സാധിക്കാത്തതിന്റെ കുറവ് ഇത്തവണ തിരുത്താന്‍ ക്വാര്‍ട്ടറില്‍ ജയമല്ലാതെ മറ്റൊന്നും ഇംഗ്ലണ്ടിന് മുന്നിലില്ല. ബെല്‍ജിയം-ഇറ്റലി മത്സരത്തിലും തീപാറും.

2008-ലും, 2012-ലും തുടര്‍ച്ചയായി നേടിയ കപ്പ് 2016-ല്‍ കൈവിട്ട് പോയത് തിരികെ നേടാനാവും സ്‌പെയിന്റെ ശ്രമം. പക്ഷേ സ്വിറ്റ്‌സര്‍ലണ്ട് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. നേരത്തെ മൂന്ന് തവണ നേടിയ കപ്പ് ഇത്തവണയും നേടുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ യൂറോ കപ്പ് നേടിയ രാജ്യമെന്ന ഖ്യാതി സ്‌പെയിനിന് സ്വന്തമാകും.

Share this news

Leave a Reply

%d bloggers like this: