അയർലണ്ടിലെ തങ്ങളുടെ 16,000 ജോലിക്കാർക്കും, കുടുംബാംഗങ്ങൾക്കും സ്വകാര്യ പദ്ധതി വഴി വാക്സിൻ നൽകുമെന്ന് Pfizer; നടപടി നിലവിലെ വിതരണത്തെ ബാധിക്കില്ലെന്നും കമ്പനി

അയര്‍ലണ്ടിലെ തങ്ങളുടെ കമ്പനികളിലുള്ള 16,000-ഓളം സ്റ്റാഫുകള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വകാര്യപദ്ധതി വഴി വാക്‌സിന്‍ നല്‍കാന്‍ Pfizer Ireland. രാജ്യത്ത് ഡെല്‍റ്റ വകഭേദം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ആകെ ജനസംഖ്യയുടെ 0.43% വരുന്ന ഇവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ Pfizer ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന്് Pfizer അറിയിച്ചു.

രാജ്യത്ത് നിലവില്‍ പ്രായപൂര്‍ത്തിയായ 49.6% പേരെ മുഴുനായും വാക്‌സിനേറ്റ് ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 67% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു.

അയര്‍ലണ്ടില്‍ വാക്‌സിന്‍ എത്തിക്കുക അടക്കമുള്ള അവശ്യസേവനങ്ങള്‍ നടത്തുന്ന ജോലിക്കാര്‍ക്ക് Pfizer, ഈ വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ നല്‍കിയിരുന്നു. ശേഷം Pfizer-ന്റെ തന്നെ 4,000-ഓളം വരുന്ന അയര്‍ലണ്ടിലെ അവശ്യേതര ജോലിക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. തങ്ങളുടെ ജോലിക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും കമ്പനി വാക്‌സിന്‍ നല്‍കാനാരംഭിച്ചത് ഏപ്രിലിലാണ്. ഈ മാസം അവസാനത്തോടെ 8,000 പേര്‍ക്ക് കൂടി ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

അതേസമയം രാജ്യത്ത് പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതില്‍ ഈ പദ്ധതി കാരണം കുറവുണ്ടാകില്ലെന്ന് Pfizer നേരത്തെ പറഞ്ഞിരുന്നു.

തങ്ങളുടെ സ്റ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരില്‍ ആര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കപ്പെട്ടു എന്ന കാര്യം HSE-യെ അറിയിക്കുമെന്നും Pfizer വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ ഡബ്ലിനിലെ തങ്ങളുടെ Grange Castle Plant-ല്‍ നിന്നും കോവിഡ്-19 വാക്‌സിന് ആവശ്യമായ ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ആരംഭിക്കുമെന്നും Pfizer അറിയിച്ചിട്ടുണ്ട്. mRNA drug substance എന്നറിയപ്പെടുന്ന, Pfizer വാക്‌സിന്റെ പ്രധാനഘടകങ്ങളിലൊന്നാണ് ഇവിടെ നിര്‍മ്മിക്കപ്പെടുക.

Share this news

Leave a Reply

%d bloggers like this: