ഡബ്ലിൻ സിറ്റി കൗൺസിൽ സ്റ്റാഫിന് ജോലിസമയം ഇനി ആഴ്ചയിൽ 4 ദിവസം മാത്രം; പ്രമേയം പാസാക്കി കൗൺസിൽ

തങ്ങളുടെ തൊഴിലാളികളുടെ ജോലിസമയം ആഴ്ചയില്‍ 4 ദിവസം മാത്രമാക്കുന്ന പരീക്ഷണാത്മക പദ്ധതി നടപ്പിലാക്കാന്‍ പ്രമേയം പാസാക്കി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ മീറ്റിങ്ങിലാണ് ഈ പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പില്‍ വരുത്താനുള്ള പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്. അഭിപ്രായഭിന്നതകളില്ലായിരുന്നു എന്നതിനാല്‍ വോട്ടെടുപ്പില്ലാതെ തന്നെ പ്രമേയം പാസായി. ഇതോടെ സിറ്റി കൗണ്‍സിലിലെ ജോലിക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാലായി കുറയും.

കൗണ്‍സിലറായ Kevin Donoghue ആയിരുന്നു പ്രമേയം കൊണ്ടുവന്നത്. Fianna Fáil, Green Party, Fine Gael, Labour, the Social Democrats, Sinn Féin, People Before Profit വക്താക്കളെല്ലാം പ്രമേയത്തെ പിന്തുണച്ചു.

ജോലിസമയം നാല് ദിവസമാക്കി കുറയ്ക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും, സമ്മര്‍ദ്ദം കുറയ്ക്കാനും, മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ഈ പദ്ധതിക്കായി കാംപെയ്ന്‍ ചെയ്യുന്നവര്‍ നേരത്തെ പറഞ്ഞിരുന്നു. അയര്‍ലണ്ടിലെ സ്ഥാപനങ്ങള്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കണമെന്നും കഴിഞ്ഞ മാസം ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

പദ്ധതിയില്‍ കൂടുതല്‍ ഗവേഷണം നടത്താനായി 150,000 യൂറോ അനുവദിച്ച സര്‍ക്കാര്‍, ആറ് മാസത്തെ പരീക്ഷണപദ്ധതിയും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: