അയർലൻഡിൽ നിന്നൊരു മലയാള സിനിമ; ‘മനസിൽ എപ്പോഴും’ ചിത്രത്തിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു

അയര്‍ലന്‍ഡ് പശ്ചാത്തലമാക്കി പ്രവാസി മലയാളികള്‍ അണിയിച്ചൊരുക്കിയ ‘മനസ്സിലെപ്പോഴും’ എന്ന പുതിയ സിനിമയിലെ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ‘ബസ്സിന്റെ ടയര്‍’, ‘ഇന്നലെ നീയൊരു’, ‘എന്റെ പ്രണയവും’ എന്നിങ്ങനെ മൂന്ന് ചെറുഗാനങ്ങള്‍ ഒരേ അച്ചുതണ്ടില്‍ കോര്‍ത്തിണക്കി മൂന്നു വ്യത്യസ്ത പ്രണയങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ഗാനത്തില്‍.

ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്ന തടിയില്‍കൊത്തിയ പശു, ആന, ജഡായു പ്രതിമ തുടങ്ങിയ കരകൗശലവസ്തുക്കള്‍ക്കൊപ്പം റബ്ബര്‍തോട്ടം, പ്ലാവ് എന്നിവയുടെ മാതൃകാരൂപങ്ങളും കൗതുകമുണര്‍ത്തുന്നവയാണ്. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും സര്‍ഗ്ഗാത്മകമായ ഇത്തരം സൃഷ്ടികള്‍ക്കായി സമയം കണ്ടെത്തുന്ന ഈ കലാകാരന്മാര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

കാഞ്ഞിരപ്പള്ളി ബൈജുവിന്റെ വരികള്‍ക്ക് സെബി നായരമ്പലം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് ഞായറയ്ക്കല്‍, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്. അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

മുമ്പ് മറ്റു പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം അയര്‍ലന്‍ഡില്‍ നിന്നും റിലീസിനൊരുങ്ങുന്നത്. ബോണി, ആന്റോ ലെവിന്‍, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജുവാണ്. നിര്‍മ്മാണം ജുബിന്‍ജോസഫ്. ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല.

ഷിജിമോന്‍, കച്ചേരിയില്‍ എല്‍ദോ ജോണ്‍, ചേലപ്പുറത്ത് ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന ചിത്രം വെസ്റ്റ് മൂവി ക്ലബ് OTT റിലീസിനെത്തിക്കുന്നു.

Share this news

Leave a Reply

%d bloggers like this: