യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണി, ഗണപതി എഴുതിയ താളിയോല; തട്ടിപ്പുകാരിൽ നിന്ന് ഉൾക്കാഴ്ചകളും യുക്തിബോധവും ലഭിക്കാൻ വിധിക്കപ്പെട്ട പ്രബുദ്ധ മലയാളിസമൂഹം!

ലോകമെങ്ങുമുള്ള മലയാളികള്‍ ഇപ്പോള്‍ മറ്റെല്ലാം മറന്ന് ആര്‍ത്തുരസിക്കുകയാണ്. ഒരു ബുദ്ധിമാനായ ക്രിമിനല്‍ പ്രശസ്തരെ ഉള്‍പ്പെടെ അനേകരെ പറ്റിച്ചു കോടികള്‍ ഉണ്ടാക്കിയ വിധം മനസ്സിലാക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക? പ്രബുദ്ധരെന്ന് ഒരു വശത്ത് മേനി നടിക്കുകയും മറുവശത്ത് എല്ലാത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുകയും ചെയ്യുന്ന മലയാളി പോലൊരു സമൂഹം ലോകത്ത് വേറെ എവിടെയുണ്ട്? ആട്, തേക്ക്, മാഞ്ചിയം കാലത്തുനിന്നു മലയാളി തട്ടിപ്പിന്റെ രീതിശാസ്ത്രത്തില്‍ വളരെയേറെ വളര്‍ന്നിരിക്കുന്നു.

വിശ്വസിക്കുക എന്നത് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിണാമപ്രക്രിയയിലൂടെ സിദ്ധിച്ച ഒരു സവിശേഷതയാണ്. ഒരു ആദിമ മനുഷ്യന്‍ മറ്റൊരാളോട് ആ വഴി ആഹാരം തേടി പോകരുത് അവിടെ സിംഹക്കൂട്ടം ഉണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കണം. അത് വിശ്വസിക്കാതെ ആ വഴി മുന്‍പോട്ടു പോയാല്‍ ചിലപ്പോള്‍ മറ്റെയാള്‍ സിംഹങ്ങള്‍ക്കു ആഹാരമായി മാറും. ഒഴിവുസമയങ്ങളിലും വിശ്രമവേളകളിലും ആദിമ മനുഷ്യന്റെ ഭാവനയ്ക്ക് ആയിരം ചിറകുകള്‍ മുളയ്ക്കും. ചിറകുള്ള പറക്കുന്ന മൃഗങ്ങള്‍, മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ തലയുമുള്ള ജീവികള്‍, അങ്ങനെ എന്തെല്ലാം. അതൊക്കെ അവര്‍ പാറകളിലും പിന്നീട് ഭിത്തികളിലും കൊത്തിവച്ചു. പല പുരാണങ്ങളും, മതങ്ങളും ഉത്ഭവിച്ചതുതന്നെ മനുഷ്യന്റെ ഈ അളവില്ലാത്ത ഭാവനകളില്‍ നിന്നായിരുന്നു.

ആധുനിക മനുഷ്യന്‍ ഇന്ന് അതെല്ലാം തിരിച്ചറിയുന്നു. പക്ഷേ ഇന്നും വലിയ വികാസം പ്രാപിക്കാത്ത പഴയ തലച്ചോറ് ചുമന്നു നടക്കുന്നവരാണ് എളുപ്പത്തില്‍ തട്ടിപ്പുകാരുടെ ഇരകളായി മാറുന്നത്. ‘ദൈവം എന്നോട് ചെവികളില്‍ വന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു’ എന്നൊരാള്‍ പറഞ്ഞാല്‍ അത് അയാളുടെ പ്രത്യേകമായ മാനസികാവസ്ഥയില്‍ അയാള്‍ക്കുണ്ടായ ഒരു തോന്നല്‍ മാത്രമാണെന്ന് മനസ്സിലാക്കാതെ, അത് വിശ്വസിച്ച് ആ വ്യക്തിക്ക് ദിവ്യത്വം കല്‍പ്പിച്ചു കൊടുക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ തന്നെയുണ്ട്.

നാളെയൊരിക്കല്‍ ബഹിരാകാശസഞ്ചാരികള്‍ ‘തങ്ങള്‍ ആകാശത്ത് ചിറകുള്ള മാലാഖമാര്‍ പറന്നു നടക്കുന്നതു കണ്ടു’ എന്ന് പറഞ്ഞാലും അത് വിശ്വസിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടാകും. വിശ്വസിക്കാന്‍ വളരെയെളുപ്പമാണ്. മസ്തിഷകത്തിന് ഊര്‍ജ്ജം ചിലവാക്കേണ്ടാത്ത എളുപ്പമുള്ള പണി. എന്നാല്‍ ആരെങ്കിലും പറയുന്ന് കേട്ടതിനു ശേഷം വിശകലനം ചെയ്ത് സ്വന്തമായ ഒരു നിഗമനത്തിലെത്താന്‍ കുറച്ച് ഊര്‍ജ്ജം ചിലവഴിക്കേണ്ടി വരും.

ഡോക്ടര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചേര്‍ത്തലക്കാരനായ മോന്‍സണ്‍ മാവുങ്കല്‍ എന്ന വ്യക്തി ഓരോരുത്തരെയും ഓരോ കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ചപ്പോള്‍, അയാള്‍ മലയാളിയുടെ മനഃശാസ്ത്രം ശരിക്കും പഠിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാകും. ഇക്കാലത്ത് മലയാളികള്‍ക്കിടയില്‍ ഏറ്റവും ചിലവാകുന്ന, വിറ്റഴിക്കാന്‍ എളുപ്പമുള്ള വസ്തു ആടോ, തേക്കോ, മാഞ്ചിയമോ ഒന്നുമല്ല, മറിച്ച് മതമാണെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാം!

യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, യൂദാസിന്റെ വെള്ളിനാണയം, ഗണപതി എഴുതിയ താളിയോല, യശോദ വെണ്ണ സൂക്ഷിച്ച മണ്‍പാത്രം, റസൂല്‍ കൈകൊണ്ടുണ്ടാക്കിയ മണ്‍വിളക്ക് എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ എന്നയാള്‍ക്ക് ഒരു ശങ്കപോലും ഉണ്ടായിക്കാണില്ല- അതാണ് മതവിശ്വാസം കച്ചവടം ചെയ്താലുള്ള ഗുണം. ഒരു വിശ്വാസിക്ക് അവിശ്വാസിയാകാന്‍ എങ്ങനെ കഴിയും? മതപരമായതെന്തും അധികം ചിന്തിക്കാതെ വിശ്വസിക്കുന്ന പരുവത്തിലുള്ള മസ്തിഷ്‌കമാണയാളുടേത്.

മോന്‍സന്റെ വാക്കുകള്‍ കേട്ട ഒരാള്‍പോലും യുക്തിപൂര്‍വം ആ തട്ടിപ്പുകാരനോട് ചോദ്യങ്ങള്‍ ചോദിച്ചില്ല എന്നത് സത്യത്തില്‍ അത്ഭുതപ്പെടുത്തുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പുകള്‍ക്ക് ഇപ്പോള്‍ പിടി വീണപ്പോള്‍ മലയാളിക്ക് വലിയ ഉള്‍ക്കാഴ്ച ലഭിച്ചിരിക്കുകയാണ്; ഒരു ജ്ഞാനോദയം…! എങ്കിലും പലരും തങ്ങളുടെ മസ്തിഷകത്തിന്റെ ഒരു പകുതിയില്‍ ഈ സംഭവത്തിലെ ഇരകളുടെ അതെ സോഫ്റ്റ്വെയര്‍ ആണ് വഹിക്കുന്നതെന്നും, ആ കാര്യം അവര്‍ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നതും ആണ് ഇതിലെ മറ്റൊരു രസകരമായ കാര്യം. രണ്ടുകാലിലും മന്തുള്ളവര്‍ ആണ് ഒരു കാലില്‍ മന്തുള്ളവരെ പരിഹസിച്ചു ചിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളു. ഇപ്പോഴും എത്രയോ മോന്‍സണ്‍മാര്‍ ബഹുമാനത്തിന്റെ മേലങ്കികളും തലപ്പാവുകളും അണിഞ്ഞ് സമൂഹത്തെ പലതും പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിച്ചു ജീവിക്കുന്നു. അതെല്ലാം തട്ടിപ്പുകളാണെന്നു മനസിലാക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ജ്ഞാനോദയം ഈ സമൂഹത്തില്‍ ഉണ്ടാവുകയുള്ളു. അതുവരെ പിടിക്കപ്പെടുന്ന തട്ടിപ്പുകാരുടെ കഥകള്‍ മാത്രം പറഞ്ഞ് നമുക്ക് രസിക്കാം.

Share this news

Leave a Reply

%d bloggers like this: