ഒടുവിൽ വഴങ്ങി; ആഗോള ടാക്സ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം അയർലൻഡ് അംഗീകരിച്ചു

ആഗോള കോര്‍പ്പറേറ്റ് ടാക്‌സ് 15% എങ്കിലും ആക്കാനുള്ള ലോകരാജ്യങ്ങളുടെ നീക്കത്തോട് ഒടുവില്‍ യോജിക്കുന്നതായി അയര്‍ലന്‍ഡ്. രാജ്യത്തെ നിലവിലുള്ള കോര്‍പ്പറേറ്റ് ടാക്‌സായ 12.5% എന്നതില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹു അറിയിച്ചു.

ആഗോള ടാക്‌സ് വര്‍ദ്ധനയെ എതിര്‍ക്കുന്നുവെന്നായിരുന്നു ജൂലൈ മാസത്തില്‍ അയര്‍ലന്‍ഡ് സ്വീകരിച്ച നിലപാട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ് ടാക്‌സ് വര്‍ദ്ധ എന്നായിരുന്നു വാദം. എന്നാല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അയര്‍ലന്‍ഡിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടാക്‌സ് കുറവാണ് എന്നതിനാല്‍ പല വന്‍കിട കമ്പനികളും അയര്‍ലന്‍ഡിലേയ്ക്ക് ബിസിനസ് മാറ്റുന്നതിനാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവകാശപ്പെട്ട ടാക്‌സ് ലഭിക്കുന്നില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.

ടാക്‌സ് വര്‍ദ്ധന അംഗീകരിക്കാനുള്ള തീരുമാനത്തെ രാജ്യത്തിന്റെ ‘വ്യാവസായിക നയത്തിന്റെ അടുത്ത ഘട്ട’മെന്നാണ് മന്ത്രി ഡോണഹു വിശേഷിപ്പിച്ചത്. ഈ തീരുമാനം സങ്കീര്‍ണ്ണവും, വിഷമകരവുമായിരുന്നെങ്കിലും അതാണ് ശരിയെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡിനൊപ്പം എസ്റ്റോണിയ, ഹംഗറി തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമായിരുന്നു ടാക്‌സ് വര്‍ദ്ധനയെ നേരത്തെ എതിര്‍ത്തിരുന്നത്. ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നതോടെ നിലവിലെ പല കമ്പനികളും രാജ്യം വിട്ട് പോകുമെന്നും, പുതിയ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തിയേക്കില്ലെന്നുമായിരുന്നു ഭയം.

Organisation for Economic Co-operation and Development (OECD)-ന്റെ മദ്ധ്യസ്ഥയിലാണ് ടാക്‌സ് നയം രൂപീകരിക്കപ്പെട്ടത്. നയം അനുകൂലിച്ച 140 രാജ്യങ്ങളുടെ പ്രതിനിധികളും ഇന്ന് അന്തിമനയം രൂപീകരിക്കാനായി ഒത്തുചേരും.

കുറഞ്ഞ ടാക്‌സ് നിരക്കുമായി മുന്നോട്ട് പോകാനായിരുന്നു അയര്‍ലന്‍ഡിന്റെ തീരുമാനമെങ്കില്‍, ഇവിടെ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ തങ്ങള്‍ അടയ്ക്കുന്ന ടാക്‌സില്‍ ഒരു ഭാഗം ഏത് രാജ്യത്താണോ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവിടെ അടയ്‌ക്കേണ്ടിവരുമായിരുന്നു. അയര്‍ലന്‍ഡിന് വലിയ ടാക്‌സ് നഷ്ടവും ഇതുമൂലം സംഭവിക്കുമായിരുന്നു.

അതേസമയം 750 മില്യണ്‍ യൂറോയ്ക്ക് താഴെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് 2.5% ടാക്‌സ് തന്നെ തുടരാന്‍ അയര്‍ലന്‍ഡിന് യൂറോപ്യന്‍ കമ്മിഷനില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി ഡോണഹു പറഞ്ഞു. റിസര്‍ച്ച്, ഡെവലപ്‌മെന്റ് കമ്പനികള്‍ക്ക് ടാക്‌സ് ഇന്‍സന്റീവ്‌സ് നല്‍കുന്നതും തുടരും. OECD നിര്‍ദ്ദേശമായ 15% എന്നതില്‍ അധികം ടാക്‌സ് നിരക്ക് അംഗരാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയതായി ഡോണഹു കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബിസിനസ് ഭീമന്മാരായ ആപ്പിള്‍, മൈക്രോസ്ഫ്റ്റ്, ഇന്റല്‍ തുടങ്ങിയ കമ്പനികളെല്ലാം അയര്‍ലന്‍ഡിലെ കുറഞ്ഞ നിരക്കിലുള്ള ടാക്‌സ് നിരക്കില്‍ ആകൃഷ്ടരായി ഇവിടെ ബിസിനസ് ആരംഭിച്ചവരാണ്. ആപ്പിള്‍ 1980-ല്‍ അയര്‍ലന്‍ഡിലെത്തുമ്പോള്‍ വെറും 10% ആയിരുന്നു കോര്‍പ്പറേറ്റ് ടാക്‌സ്. പിന്നീട് 1997-ല്‍ 12.5% ആക്കിയ ടാക്‌സ് ഇന്നേവരെ അയര്‍ലന്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടില്ല.

കുറഞ്ഞ ടാക്‌സ് നിരക്കാണ് രാജ്യത്തെ ഇന്നുകാണുന്ന നിലയില്‍ വികസിപ്പിക്കാനും, ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി ലഭിക്കാനും കാരണമായത് എന്നത് മറ്റൊരു സത്യം.

അതേസമയം കോര്‍പ്പറേറ്റ് ടാക്‌സ് വര്‍ദ്ധന അയര്‍ലന്‍ഡിലെ 1,500 കമ്പനികളെ ബാധിക്കുമെന്നാണ് ഡോണഹു പറയുന്നത്. രാജ്യത്തെ 400,000 പേരുടെ ജോലിയെ, അതായത് ആറില്‍ ഒന്ന് ജോലിക്കാരെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.

പക്ഷേ വലിയൊരു തിരിച്ചടി ടാക്‌സ് വര്‍ദ്ധനയിലൂടെ ഉണ്ടാകില്ലെന്ന ആത്മവിശ്വാസം Economic and Social Research Institute (ESRI) പങ്കുവയ്ക്കുന്നുണ്ട്. അയര്‍ലന്‍ഡിന്റെ EU അംഗത്വവും, ജോലിക്കാരുടെ എണ്ണം ആവശ്യത്തിനുള്ളതും ഇതിനെ മറികടക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: