തലവര മാറ്റുമോ ബജറ്റ്? അയർലൻഡിൽ ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളിലൂടെ

ധനമന്ത്രി പാസ്‌കല്‍ ഡോണഹു ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റ്, കോവിഡ് തളര്‍ത്തിയ വിവിധ മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ധാരാളം ഊഹാപോഹങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളെ പറ്റി പരക്കുന്നുണ്ടെങ്കിലും പൊതു പെന്‍ഷന്‍ അടക്കമുള്ള സാമൂഹികക്ഷേമ സഹായങ്ങളിലെ വര്‍ദ്ധനയാണ് പ്രധാന അജണ്ടയെന്നത് വ്യക്തമാണ്. സ്റ്റേറ്റ് പെന്‍ഷനില്‍ കുറഞ്ഞത് 5 യൂറോയെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ന് ശേഷം പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നതും, ഇക്കാര്യത്തെപ്പറ്റി ഉപപ്രധാനമന്ത്രി വരദ്കര്‍ നേരത്തെ സൂചന നല്‍കിയതുമാണ് ഈ വാദത്തിന് ബലമേറാന്‍ കാരണം. അതുപോലെ രാജ്യത്തെ മറ്റനേകം സാമൂഹികക്ഷേമധനങ്ങളും വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തികപരാധീനതകളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പരത്തും.

350 മില്യണ്‍ യൂറോയിലേറെയുള്ള ധനസഹായ പാക്കേജാണ് ബജറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകുക എന്നും റിപ്പോര്‍ട്ടുണ്ട്. Jobseeker’s Allowance and Benefit, Carers Allowance and Disability Allowance തുടങ്ങിയ സഹായധനങ്ങളിലും ആഴ്ചയില്‍ 5 യൂറോയുടെ വര്‍ദ്ധനയുണ്ടാകുമെന്ന് കരുതുന്നു. Qualified child scheme വഴി ആനുകൂല്യം ലഭിക്കുന്നവര്‍ക്കും അധികസഹായം ലഭിച്ചേക്കും. അതേസമയം മാസം തോറുമുള്ള Child Benefit തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ല.

മൂന്ന് വയസിന് താഴെയുള്ള കുട്ടികളുടെ ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയര്‍ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഈ കുട്ടികളെ ചൈല്‍ഡ് കെയറുകളില്‍ ആക്കുന്ന ചെലവിനുള്ള സഹായമായി സബ്‌സ്ഡി നല്‍കിവരുന്നുണ്ട്. നിലവില്‍ ആഴ്ചയില്‍ 22.50 യൂറോ വരെ സബ്‌സ്ഡി നല്‍കുന്ന National Childcare Scheme (NCS)-മായി ബന്ധപ്പെട്ടാകും ഈ പാക്കേജ്. അതേസമയം സബ്‌സിഡി തുക വര്‍ദ്ധിപ്പിച്ചാല്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ഫീസ് വര്‍ദ്ധിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സബ്‌സിഡൈസ്ഡ് കെയറിന്റെ സമയം (മണിക്കൂറില്‍) വര്‍ദ്ധിപ്പിക്കുകയാകും ലക്ഷ്യം. നിലവില്‍ സ്‌കൂള്‍ കാലവുമായി ബന്ധപ്പെട്ടുള്ള സബ്‌സിഡി ഹവേഴ്‌സ്, സ്‌കൂള്‍ ഇല്ലാത്തപ്പോഴും കണക്കാക്കുന്ന വിധത്തിലാകും മാറ്റം.

നിലവിലെ ഇന്‍കം ടാക്‌സ് ബാന്‍ഡില്‍ മാറ്റം വരുത്തുക വഴി രാജ്യത്തെ മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒപ്പം വര്‍ക്ക് ഫ്രം ഹോം ദിവസങ്ങളിലെ വൈദ്യുതി, ഹീറ്റിങ്, ബ്രോഡ്ബാന്‍ഡ് ബില്ലുകളില്‍ കൂടുതല്‍ ടാക്‌സ് ഇളവ് നല്‍കുമെന്നും കരുതുന്നു.

ക്രിസ്മസ് ബോണസ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

ബജറ്റിലെ മറ്റൊരു പ്രധാനപ്രഖ്യാപനം 17 മുതല്‍ 25 വരെ പ്രായക്കാരായ സ്ത്രീകള്‍ക്ക് സൗജന്യം ഗര്‍ഭനിരോധനോപാധികള്‍ നല്‍കുമെന്നതാണ്. ആരോഗ്യരംഗത്ത് National Maternity Strategy, National Cancer Strategy എന്നിവിടങ്ങളില്‍ അധികനിക്ഷേപവും പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: