Air India വാങ്ങിയത് Tata ആണെങ്കിലും, ഞാൻ സന്തോഷിക്കുന്നില്ല (ഫാ. വിജി വർഗീസ് ഈപ്പൻ )

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിലെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവൽക്കരിക്കപ്പെട്ടത്? അംബാനിയും അദാനിയും അവയിൽ പലതും വാങ്ങിക്കൂട്ടിയപ്പോൾ നാം പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും ട്രോളി. എന്നാൽ, Air India രത്തൻ ടാറ്റാ വാങ്ങിയപ്പോൾ നാം അതിനെ പ്രകീർത്തിക്കുന്നു. അതായത്, നമ്മുടെ വിഷയം സ്വകാര്യവൽക്കരണമല്ല, മറിച്ചു വ്യക്തികളാണ് എന്നല്ലേ? ഒരു പക്ഷെ നമുക്ക് രത്തൻ ടാറ്റാ എന്ന വ്യക്തിയിൽ ഉള്ള വിശ്വാസം കൊണ്ടായിരിക്കാം നാം Air India യുടെ സ്വകാര്യവൽക്കരണത്തെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നത്. എന്നാൽ, ഇവിടുത്തെ പ്രശ്നം, ഒരു നല്ല മനുഷ്യൻ Air India വാങ്ങിയോ ഇല്ലയോ എന്നതല്ല. മറിച്ചു സ്വകാര്യവൽക്കരണം എന്ന അപകടകരമായ നയം ആണ്.

അല്പം കൂടെ വ്യക്തമായി പറയാം. ഇവിടെ  സംഭവിച്ചിരിക്കുന്നതു (അഥവാ സംഭവിക്കുവാൻ പോകുന്നത്) disinvestment അല്ല, പ്രത്യുതാ strategic disinvestment (selling-off) ആണ്. എന്താണ് വ്യത്യാസം? Disinvestment-ൽ minority shares മാത്രമാണ് കൈമാറുന്നത്. അതായത്, 51% share എങ്കിലും കൈവശമുള്ള പൊതുമേഖലയ്ക്കു തന്നെയായിരിക്കും ഉടമസ്ഥാവകാശം. എന്നാൽ, strategic disinvestment-ൽ ഒരു കമ്പനിയുടെ ഉടമസ്ഥാവകാശം തന്നെ കൈമാറ്റം ചെയ്യപ്പെടുകയാണ്. അതാണ്‌ ഇവിടെ സംഭവിക്കുന്നത്. ഉടമസ്ഥാവകാശം പൂർണ്ണമായും സ്വകാര്യമേഖലയ്ക്കു കൈമാറി, സർക്കാർ കയ്യും കെട്ടി നിൽക്കുന്ന നയം ഇന്ത്യ പോലൊരു ക്ഷേമ രാഷ്ട്രത്തിനു (welfare state) സഹായകരമല്ല.

ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രം ആണെന്നു പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? France- ലെ ‘Declaration of Rights of Man and of the Citizen’, Ireland -ലെ ‘Directive Principles of Social Policy’, ഐക്യരാഷ്ട്ര സഭയുടെ ‘Universal Declaration of Human Rights’ മുതലായവയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഇന്ത്യൻ ഭരണഘടനയിലെ ‘Directive Principles of State Policy of India’ (രാഷ്‌ട്ര നയങ്ങൾക്കുള്ള അടിസ്ഥാന തത്ത്വങ്ങൾ) വളരെ വ്യക്തമായി ഇന്ത്യ എന്ന welfare state ന്റെ സ്വഭാവത്തെ കുറിച്ച് വ്യക്തമാക്കുന്നു. അത്, തുല്യനീതിയും സമത്വവും ആണ്. ജനങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് രാഷ്‌ട്രം സാമൂഹ്യവ്യവസ്ഥിതി ഉറപ്പ്‌ വരുത്തണം എന്നും ഈ ഭാഗത്തു ആവശ്യപ്പെടുന്നു. ഇവിടെയാണ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സംവരണത്തിന്റെ  (Reservation) പ്രസക്തി. ബാബാ സാഹിബ്‌ അംബേദ്‌കറിനു നന്ദി!

ഇങ്ങനെയുള്ള ഒരു ക്ഷേമ രാഷ്ട്രത്തിനു തുരംഗം  വയ്ക്കുന്നതാണ് ഉടമസ്ഥാവകാശം കൈമാറിക്കൊണ്ടുള്ള സ്വകാര്യവൽകരണം. വായിച്ചിടത്തോളം, കേട്ടിടത്തോളം, അറിഞ്ഞിടത്തോളം രത്തൻ ടാറ്റാ ഒരു നല്ല മനുഷ്യൻ ആണു. പക്ഷെ, ആ കാരണത്താൽ സ്വകാര്യവൽക്കരണം ന്യായീകരിക്കപ്പെടുന്നില്ല. ഇന്ത്യയിൽ സ്വകാര്യവൽക്കരണം ആരംഭിച്ചിട്ടു മൂന്നു പതിറ്റാണ്ട് ആയി. Public-Private പങ്കാളിത്തത്തോടെയുള്ള, എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിട്ടുള്ള socialist മൂല്യങ്ങൾക്കു മുൻഗണന നൽകുന്ന ഒരു mixed economy നല്ലതാണ്. പക്ഷെ, അതല്ല സ്വകാര്യവത്കരണത്തിൽ സംഭവിക്കുന്നത്.

21, 000 ത്തോളം (ചിലയിടത്തു 18,000 എന്ന് കണ്ടു) ജീവനക്കാർ ഉള്ള Air India യിൽ job security തത്കാലം ഒരു വർഷത്തേക്ക് മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതു. ഈ കാലാവധി കഴിഞ്ഞാൽ cost-cutting-ന്റെ പേരിൽ പലർക്കും ജോലി നഷ്ടപ്പെട്ടേക്കാം. വിരമിച്ചവരുടെ പെൻഷൻ സർക്കാർ ഏറ്റെടുത്തേക്കും എന്നു തോന്നുന്നു. നല്ല കാര്യം. സ്വകാര്യമേഖലയിൽ സംവരണത്തിന് സാധ്യതയില്ലാ എന്നതു നമുക്കു അറിയാം. ഇതു മറ്റേതൊരു സ്വകാര്യ മേഖലയിലും എന്നപോലെ Air india യിലെ സാമൂഹിക നീതിയെയും ബാധിച്ചേക്കും.

സാധാരണ അടിയന്തിര ഘട്ടങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്ന്  ഇന്ത്യൻ പൗരന്മാരെ സൗജന്യമായാണ് Air india ഇന്ത്യയിൽ എത്തിച്ചുകൊണ്ടിരുന്നത്. ഇനി അത് സാധിക്കുമോ എന്നത് സംശയമാണ്.  സർക്കാരിനു പരമാവധി ചെയ്യുവാൻ സാധിക്കുന്നത് അപേക്ഷിക്കുകയെന്നത് മാത്രമാണ്.. മാത്രമല്ല, വിമാനക്കൂലി വർധിപ്പിച്ചാൽ സർക്കാരിനു അതിൽ ഇടപെടാനും പറ്റില്ല. കേന്ദ്ര മന്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: The winning bidder is going to have full management control and will be able to operate the company in the way that will maximise revenues, profitability and value creation’. ഇതൊന്നും ഒരു ക്ഷേമ രാഷ്ട്രം എന്ന ദർശനത്തിന് സഹായകരമല്ല.

യഥാർത്ഥത്തിൽ, എന്തായിരുന്നു വേണ്ടിയിരുന്നത്? Air India യുടെ തകർച്ചയ്ക്കു കാരണമായ തെറ്റുകൾ തിരുത്തി അതിനെ ഒരു പൊതുമേഖലാ സ്ഥാപനമായി (ആവശ്യമെങ്കിൽ സ്വകാര്യ പങ്കാളിത്തത്തോടെ) നിലനിർത്തുകയായിരുന്നു. Air India ഒരു പൊതുമേഖലാ സ്ഥാപനം ആയതിനു ശേഷവും  J. R. D. Tata അതിന്റെ Director ആയി സേവനം ചെയ്തു. അന്നേ അദ്ദേഹം Air India- ക്കു സംഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളെ കുറിച്ച് സൂചനകൾ നൽകിയതാണ്.. ആരും ഗൗനിച്ചില്ല. അദ്ദേഹം മാറിയതിന് ശേഷവും കഴിവും നിശ്ചയദാർഢ്യവുമുള്ള പലരും ആ സ്ഥാനത്തു വന്നു. അവരൊക്കെ നന്നായി പ്രവർത്തിക്കുവാൻ ആഗ്രഹിച്ചുവെങ്കിലും, കടം കുറയ്ക്കുവാനുള്ള നല്ല വഴികൾ ഉപദേശിച്ചെങ്കിലും,  രാഷ്ട്രീയ ഇടപെടലുകൾ അതിനു അനുവദിച്ചില്ല.

ഇനി, ‘The Week’ 2019 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു കണക്കു കൂടെ പറയാം. ‘The government owes crisis-stricken Air India a whopping Rs 797.95 crore as of September 30, 2019 for flights operated for VVIPs, including the president, the prime minister, the vice president and foreign dignitaries, and more than half of it—Rs 458.959 crore—is the amount outstanding for the prime minister’s travel.’ സർക്കാർ Air India ഉപയോഗിച്ച വകയിൽ 797.95 കോടി രൂപ  Air India ക്കു നൽകാനുണ്ട്. അതിൽ പകുതിയിൽ അധികം പ്രധാനമന്ത്രിയുടെ യാത്രയുടേതാണ്.. ഇപ്പോൾ സ്വന്തം ആവശ്യത്തിന് Air India 1 വാങ്ങി. എന്നിട്ടു Air India സ്വകാര്യവത്കരിച്ചു.

രത്തൻ ടാറ്റാ എന്ന നല്ല മനുഷ്യൻ അത് വാങ്ങിയെന്ന ഒറ്റ കാരണത്താൽ നാം Air India യുടെ സ്വകാര്യവൽക്കരണത്തിൽ കയ്യടിക്കുന്നു. ഫലത്തിൽ, Air India -യേ ഈ അവസ്ഥയിൽ ആക്കിയവരെ നാം കുറ്റവിമുക്തരാക്കുന്നു. ഇന്ത്യ എന്ന wellfare state ഓരോ വിറ്റുതുലയ്ക്കലിലും ഇല്ലാതായാലും കുഴപ്പമില്ല, ‘customer care’ ഭംഗിയായാൽ മതി എന്ന് നാം ചിന്തിക്കുന്നു. ഓർക്കുക, അവസാനത്തെ മണ്ണ് ഒലിച്ചുപോകുമ്പോഴും നാം/ഞാൻ ചിന്തിക്കുന്നതു നമ്മുടെ/എന്റെ ‘സുഖത്തെ’ കുറിച്ച് മാത്രമാണെങ്കിൽ ഇതല്ല അംബേദ്കറും ഗാന്ധിയും സ്വപ്നം കണ്ട ഇന്ത്യ. 

Share this news

Leave a Reply

%d bloggers like this: