കുറഞ്ഞിട്ടും കുറയാതെ ഐറിഷ് മോർഗേജ് നിരക്ക് ,യൂറോസോണിലെ രണ്ടാമത്തെ ഉയർന്ന നിരക്കായി തുടരുന്നു

ഡബ്ലിൻ :സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അയർലണ്ടിലെ വീട്ടുടമസ്ഥർ തങ്ങളുടെ മോർഗേജുകൾക്ക് ഉയർന്ന നിരക്ക് നൽകുന്നത് തുടരുന്നതായി കണ്ടെത്തൽ.
നിരക്ക് 2.72 ശതമാനമായി കുറഞ്ഞിരുന്നു , ഇത് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.6 ശതമാനവും കുറവുമാണ്.എങ്കിലും യൂറോസോണിലെതന്നെ ഏറ്റവുമുയർന്ന രണ്ടാമത്തെ നിരക്കാണിത്.

അതേസമയം മോർഗേജിന്റെ കാര്യത്തിൽ യൂറോസോണിലെ ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് ഫിൻലാൻഡിലാണ്, വെറും 0.71 ശതമാനം, തൊട്ടുപിന്നിൽ പോർച്ചുഗൽ 0.79 ശതമാനം. അതേസമയം, യൂറോസോണിലെ ഏറ്റവും ഉയർന്ന നിരക്കായ 2.89 ശതമാനമായി ഗ്രീസ് അയർലൻഡിന് മുന്നിലുണ്ട്.

ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ (BPFI ) കണക്കനുസരിച്ച്, അയർലണ്ടിൽ ആദ്യമായി വീടുവാങ്ങുന്നവർ ശരാശരി 250,000 യൂറോയുടെ മോർഗേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നെന്നാണ് കണ്ടെത്തൽ.

ഇതിനർത്ഥം, 30 വർഷത്തേക്ക് ഈ തുക കടമെടുക്കുന്ന ഒരാൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്, അയർലണ്ടിൽ പ്രതിമാസം ഏതാണ്ട് €180 യും വർഷത്തിൽ ഏകദേശം 2,200 യൂറോയും അധികമായി നൽകുന്നുണ്ട്.

ബാങ്കുകളെ സംബന്ധിച്ച് അയർലണ്ടിൽ മോർഗേജ് വായ്പ നൽകുന്നത് റിസ്കുള്ള കാര്യമാണ് , കാരണം വായ്പ കുടിശ്ശികയായാൽ മറ്റുനടപടികളിലേക്ക് പോകാൻ നിരവധി കടമ്പകളുണ്ട്.തൽഫലമായി, മറ്റ് രാജ്യങ്ങളിലെ ബാങ്കുകളെ അപേക്ഷിച്ച്, വരാനിടയുള്ള വായ്പാ നഷ്ടങ്ങളിൽ നിന്ന് പരിരക്ഷ നേടാൻ ഐറിഷ് ബാങ്കുകൾക്ക് വലിയ തുക മുടക്കേണ്ടതുണ്ട് . ഐറിഷ് മോർഗേജ് നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു.

“കഴിഞ്ഞ ഒരു വർഷമായി തുടരുന്ന മോർഗേജ് നിരക്കുകളിലെ കുറവ് സ്വാഗതാർഹമാണ്, വളരെ സാവധാനത്തിലാണെങ്കിലും താഴേക്കാണ് വരുന്നതെന്നത് ആശ്വാസമാണ്. യൂറോസോണിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ ഉയർന്ന നിരക്കുകൾ തുടരുന്നുവെന്നത് നിരാശാജനകമാണ്. bonkers.ie-ലെ കമ്മ്യൂണിക്കേഷൻസ് മേധാവി Daragh Cassidy പറയുന്നു.

Share this news

Leave a Reply

%d bloggers like this: