യാത്രയ്ക്ക് സ്പോൺസർഷിപ്പിൽ BMW കാറും, ആർമി വക ഡ്രൈവറും; എന്നിട്ടും കാർ അലവൻസായി 20,000 യൂറോ ആവശ്യപ്പെട്ട് HSE തലവൻ

ആര്‍മി ഡ്രൈവറെ ജോലിക്ക് വച്ചിരിക്കെ തന്നെ കാര്‍ അലവന്‍സ് ഇനത്തില്‍ 20,000 യൂറോ വേണമെന്ന HSE തലവന്‍ Paul Reid-ന്റെ ആവശ്യം വിവാദത്തില്‍. 2021-ലെ യാത്രകള്‍ക്കായാണ് Reid ഈ തുക സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം 426,000 യൂറോ ആണ് വര്‍ഷം Reid-ന് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് സഞ്ചരിക്കാനായി ഒരു BMW കാറും, ആര്‍മി ഉദ്യോഗസ്ഥനായ ഡ്രൈവറെയും ഏര്‍പ്പാടാക്കി നല്‍കിയിരുന്നു.

2020-ലും സമാനമായി 19,141 യൂറോ കാര്‍ അലവന്‍സായി Reid വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒരു സാധാരണ ജൂനിയര്‍ നഴ്‌സ് ഒരു വര്‍ഷം മുഴുന്‍ ജോലി ചെയ്താലും ലഭിക്കുന്ന തുക 22,000 യൂറോ ആണെന്ന കാര്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

Shannon കൗണ്ടിയിലെ Leitrim-ലുള്ള വീട്ടില്‍ നിന്നും HSE ആസ്ഥാനമായ ഡബ്ലിനിലേയ്ക്ക് വരാന്‍ Reid-ന് ഒരു ഡ്രൈവറെ അനുവദിച്ചിട്ടുണ്ടെന്ന് HSE വക്താവ് പറയുന്നു. ദീര്‍ഘദൂരം സ്വയം ഡ്രൈവ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. പ്രതിരോധ വകുപ്പും, സ്‌പോണ്‍സര്‍മാരായ BMW Ireland-ഉം ചേര്‍ന്നാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്. ഇതിന് പുറമെയാണ് HSE തലവന്‍ കാര്‍ അലവന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോളം ആര്‍മി ഡ്രൈവറുടെ സേവനം Reid ഉപയോഗപ്പെടുത്തിയതായും വക്താവ് പറഞ്ഞു.

അതേസമയം ഇതുവരെ Reid ആവശ്യപ്പെട്ട കാര്‍ അലവന്‍സ് നല്‍കിയിട്ടില്ലെന്ന് HSE പറയുന്നു. ഇന്ധനച്ചെലവും നല്‍കിയിട്ടില്ല.

കോവിഡ് മഹാമാരിക്കിടെ അശ്രാന്തപരിശ്രമം നടത്തുന്ന നഴ്‌സുമാര്‍ക്ക് ബോണസ് നല്‍കാന്‍ നിയമത്തില്‍ വകുപ്പില്ലെന്ന് സര്‍ക്കാരും, HSE-യും ആവര്‍ത്തിക്കുന്നിനിടെയാണ് ധൂര്‍ത്തിന് സമാനമായ ചെലവിന്റെ കണക്ക് പുറത്തുവന്നിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും നഴ്‌സുമാര്‍ക്ക് ബോണസ് തുകകള്‍ നല്‍കിയപ്പോള്‍ അയര്‍ലണ്ടില്‍ അക്കാര്യത്തില്‍ ഇന്നും തീരുമാനമായിട്ടില്ല.

നേരത്തെ HSE തലവന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചതിനെതിരെ വിവിധ രാഷ്ട്രീയനേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. 2019-നെക്കാള്‍ 100,000 യൂറോയാണ് 2020-ല്‍ അദ്ദേഹത്തിന്റെ ശമ്പളയിനത്തില്‍ വര്‍ദ്ധിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: