അയർലണ്ടിൽ ഇൻസുലേഷൻ അടക്കമുള്ള വീട് നവീകരണ ജോലികൾക്കായി 25,000 യൂറോ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് സർക്കാർ

രാജ്യത്ത് വീട് നവീകരണവുമായി ബന്ധപ്പെട്ട ഇന്‍സുലേഷന്‍ പ്രവൃത്തികള്‍ക്കായി 25,000 യൂറോ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഓരോ വീട്ടുകാര്‍ക്കും ഇത്രയും തുക ഗ്രാന്റായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വകാര്യ വീടുകളിലെ ഊര്‍ജ്ജ ഉപയോഗം പരമാവധി ക്ഷമതയിലാക്കാനായാണ് Home Energy Upgrade Scheme എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വീടിന് മികച്ച B2 റേറ്റിങ് ലഭിക്കാനാവശ്യമായ രീതിയില്‍ നല്ല രീതിയില്‍ ഇന്‍സുലേഷന്‍ പ്രവൃത്തികള്‍ നടത്തിയാലാണ് ഇതിന്റെ പകുതിയോളം ചെലവ് (45% മുതല്‍ 51% വരെ) സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുക. നിലവില്‍ നല്ല രീതിയില്‍ ഇന്‍സുലേഷന്‍ നടത്താനായി വീട്ടുകാര്‍ക്ക് വരുന്ന ഭീമമായ ചെലവിന് ഇതോടെ പരിഹാരമാകും.

പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിസ്ഥിതിവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.

നിലവില്‍ E2 റേറ്റിങ് ഉള്ള ഒരു ശരാശരി ഹോളോ ബ്ലോക്ക് സെമി ഡിറ്റാച്ചഡ് ആയ വീടിന് ഇന്‍സുലേഷന്‍ ചെയ്യാന്‍ ഏകദേശം 53,000 യൂറോ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി പ്രകാരം ഇതില്‍ 26,000 യൂറോ വരെ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ഇത്തരത്തിലുള്ള മികച്ച ഇന്‍സുലേഷന്‍, എനര്‍ജി റേറ്റിങ് E-യില്‍ നിന്നും B-യിലേയ്ക്ക് ഉയര്‍ത്താന്‍ സഹായിക്കുകയും, വാര്‍ഷികമായി വൈദ്യുതി, ഹീറ്റിങ് ബില്ലുകളില്‍ മൂന്നില്‍ ഒന്ന് വരെ കുറവ് വരുത്തുകയും ചെയ്യും.

2030-ഓടെ രാജ്യത്തെ 5 ലക്ഷം വീടുകള്‍ ഇത്തരത്തില്‍ B2 സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി 4 ലക്ഷം ഹീറ്റ് പമ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യും. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചത് വഴി ലഭിക്കുന്ന 9.5 ബില്യണ്‍ യൂറോയുടെ അധികവരുമാനത്തില്‍ 5 ബില്യണോളം ഈ പദ്ധതിക്കായാണ് ചെലവിടുക.

ഇന്‍സുലേഷന്‍ അടക്കം എനര്‍ജി ലാഭിക്കാനുള്ള നവീകരണജോലികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെങ്കിലും, മറ്റ് ചെറിയ അറ്റകുറ്റപ്പണികള്‍ കൂടി ഇതിനൊപ്പം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് 80% വരെ ഗ്രാന്റ് പദ്ധതി വഴി നല്‍കും.

Share this news

Leave a Reply

%d bloggers like this: