അഡാപ്റ്റേഷൻ/ ആപറ്റിറ്റ്യൂഡ് പരീക്ഷകളിലെ സമ്മർദ്ദം, പുനപ്പരിശോധന ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI)

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് (NMBI) – 2023 – 2005ലേക്കുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട്  (strategy statement) മൈഗ്രൻറ് നഴ്സസ് അയർലൻഡുമായി നടത്തിയ        ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

2023 – 2025 കാലഘട്ടത്തിലേക്കുള്ള NMBI യുടെ നയപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കുന്നതിന്റെ ഭാഗമായി MNIയുമായി NMBI അധികൃതർ ബ്ലാക്‌റോക്കിലുള്ള NMBI ആസ്ഥാനത്തു മാർച്ച് ഏഴാം തിയ്യതി തിങ്കളാഴ്ച ചർച്ച നടത്തി. നഴ്സിംഗ് ബോർഡിന്റെ രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് മേധാവി റെ ഹീലി, ഹെഡ് ഓഫ് ഓപ്പറേഷൻസ് കാത്തി ആൻ ബാരെറ്റ്‌, കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി ഗ്രെഗ് ഹാർക്കിൻ എന്നിവർ MNI കൺവീനർ വർഗീസ് ജോയ്, കേന്ദ്ര കമ്മറ്റി അംഗം സോമി തോമസുമായി ചർച്ച നടത്തുകയും നയരേഖയിൽ വരുത്തേണ്ട  മാറ്റങ്ങളെ പറ്റിയുള്ള മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു.

ഇന്ത്യയിൽ നിന്നടക്കം യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള നഴ്സുമാരുടെ രെജിസ്ട്രേഷനുമായി ഗൗരവതരമായ പ്രശ്നങ്ങൾ നഴ്സിംഗ് ബോർഡ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും അവ ഉടനെ പരിഹരിക്കണമെന്നും അതിനുതകുന്ന രീതിയിൽ 2023 – 2025 നയരേഖ രൂപപ്പെടുത്തുകയും ചെയ്യണമെന്നുമുള്ള ആവശ്യം ചർച്ചയിൽ MNI ഭാരവാഹികൾ ഉന്നയിച്ചു. നിലവിൽ ആപ്റ്റിട്യൂട് പരീക്ഷയിലും അഡാപ്റ്റേഷൻ അസ്സെസ്സ്മെന്റിലും നഴ്സുമാരോട് പരീക്ഷാ നടത്തിപ്പുകാരുടെ പരുഷവും അനുഭാവപൂർണ്ണമല്ലാത്തതുമായ പെരുമാറ്റവും അതുമൂലം നഴ്സുമാർക്കുണ്ടാവുന്ന വലിയ സമ്മർദ്ദവും നഴ്സിംഗ് ബോർഡ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും മൈഗ്രന്റ് നേഴ്സ് സൗഹൃദപരമായ രീതിയിലേക്ക് ആപ്റ്റിട്യൂട് ടെസ്റ്റും
അഡാപ്റ്റേഷനും പരിഷ്കരിക്കണമെന്നും ചർച്ചയിൽ MNI നിർദ്ദേശിച്ചു. അതോടൊപ്പം ആപ്റ്റിട്യൂട്
പ്രാക്ടിക്കൽ പരീക്ഷയിൽ ഒരു സ്റ്റേഷൻ കഴിഞ്ഞു മൂന്നു മിനിറ്റിനുള്ളിൽ അടുത്ത സ്റ്റേഷൻ തുടങ്ങുന്നത് കാരണം നഴ്സുമാർക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കാതിരിക്കുന്നു എന്ന കാര്യവും അഡാപ്റ്റേഷനിൽ ഒരു നേഴ്സ് പരാജയപ്പെട്ടാൽ ആ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള നടപടി ക്രമങ്ങൾ വളരെ സങ്കീർണ്ണമാണ് എന്ന കാര്യവും ചർച്ചയിൽ ഉന്നയിച്ചു. കൂടാതെ ഒരു നേഴ്സ് അഡാപ്റ്റേഷനിൽ പരാജയപ്പെട്ടാൽ അതിനെതിരെ അപ്പീൽ നൽകി തീരുമാനം വരുമ്പോഴേക്കും പ്രാഥമികമായി ലഭിച്ച  മൂന്നുമാസത്തെ വിസ തീരുകയും ആ നഴ്സിന് അയർലണ്ടിൽ നിന്ന് തിരിച്ചു പോകേണ്ടി  വരികയും ചെയ്യുന്നതിനാൽ അങ്ങനെയുള്ള നഴ്സുമാർക്ക് വിസ കാലാവധി നീട്ടിനൽകാനുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പിന് നല്കണമെന്നുള്ള ആവശ്യവും MNI മുന്നൊട്ടു വച്ചു.

2023 – 2025 നയരേഖയുമായി ബന്ധപ്പെട്ട് MNI ഭാരവാഹികൾ നൽകിയ മറ്റൊരു നിർദ്ദേശം അഡ്വാൻസ്‌ഡ് നേഴ്സ് പ്രാക്റ്റീഷനെർ തസ്തികകളുമായി ബന്ധപ്പെട്ടതാണ്. അയർലണ്ടിൽ 2030 ആകുമ്പോഴേക്കും ഇപ്പോൾ ഉള്ളതിന്റെ നിരവധി മടങ്ങു അഡ്വാൻസ്‌ഡ് നേഴ്സ് പ്രാക്റ്റീഷനെർ തസ്തികകൾ സൃഷ്ടിക്കപ്പെടുമെന്നു നിലവിലുള്ള നയരേഖയും Slaintecare പോലുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. എന്നാൽ പോസ്റ്റ് ഗ്രാഡുവേഷൻ യോഗ്യതയും പ്രവർത്തിപരിചയവും ഉണ്ടെങ്കിലും മൈഗ്രന്റ് നഴ്സുമാർക്ക് ഇത്തരം തസ്തികളിൽ നിയമനം ലഭിക്കുന്നതിന് പലപ്പോഴും തടസങ്ങൾ നേരിടേണ്ടി വരുന്നു. മൈഗ്രന്റ് നഴ്സുമാർക്ക് ഇക്കാര്യത്തിൽ ആവശ്യമായ പിന്തുണയും വിവരങ്ങളും നൽകാനുള്ള പദ്ധതികൾ പുതിയ നയരേഖയിൽ ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശവും മുന്നോട്ടു വക്കാൻ MNIക്കു സാധിച്ചു.

MNI മുന്നോട്ടുവച്ച പലകാര്യങ്ങളും നാളിതുവരെ നഴ്സിംഗ് ബോർഡിന്റെ ശ്രദ്ധയിൽ പെടാത്തവയാണെന്നും അവ പരിഹരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളാമെന്നും ചർച്ചയിൽ പങ്കെടുത്ത നഴ്സിംഗ് ബോർഡ് അധികൃതർ ഉറപ്പുനൽകി.

Share this news

Leave a Reply

%d bloggers like this: