ജൂണ്‍ 6 തിങ്കളാഴ്ച ബാങ്ക് ഹോളിഡേ..ബാങ്ക് ഹോളിഡേ ദിനത്തില്‍ ജോലി ചെയ്താല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയേണ്ടേ?

ജൂണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച (ജൂണ്‍-6) അയര്‍ലന്‍ഡില്‍ ബാങ്ക് ഹോളിഡേ ആണല്ലോ.. കൂടുംബമായി നീണ്ട ആഴ്ചയവധിക്കാലം ആഘോഷിക്കാനായി പലരും പദ്ധതിയിടുന്നുണ്ടെങ്കിലും, ചില വിഭാഗം ജീവനക്കാരെങ്കിലും ഈ പൊതുഅവധി ദിവസത്തിലും തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ ഹാജരാവേണ്ടതായി വരും. എന്നാല്‍ ഇത്തരത്തില്‍ ബാങ്ക് ഹോളിഡേ ദിവസത്തിലും ജോലി ചെയ്യുന്നതിലൂടെ നഷ്ടമാവുന്ന അവധി ദിവസത്തിന് പകരമായി അതത് തൊഴില്‍ദാതാക്കള്‍ മറ്റ് ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കായി നല്‍കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

അയര്‍ലന്‍ഡിലെ നിയമപ്രകാരം ബാങ്ക് ഹോളിഡേ ആനുകൂല്യങ്ങള്‍ക്ക് യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ചുവടെ പറഞ്ഞിരിക്കുന്ന നാല് ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നേടാനുള്ള അര്‍ഹതയുണ്ട്

വേതനത്തോട് കൂടിയ അവധി
വാര്‍ഷിക അവധിയിലെ ഒരു അധിക ദിവസം
ഒരു ദിവസത്തെ അധിക വേതനം
ബാങ്ക് ഹോളിഡേ വരുന്ന അതേ മാസത്തിലെ മറ്റൊരു ദിവസം വേതനത്തോട് കൂടിയ അവധി

ഇവയില്‍ ഏതാണ് തിരഞ്ഞെടുക്കുന്നതെന്ന് ബാങ്ക് ഹോളിഡേ ദിവസത്തിന് 21 ദിവസങ്ങള്‍ മുന്‍പായി തൊഴില്‍ദാതാക്കളെ അറിയിക്കാം. പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും തൊഴില്‍ദാതാക്കള്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്ക് ഹോളിഡേയില്‍ വേതനത്തോട് കൂടിയുള്ള അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്.

പാര്‍ട് ടൈം ജീവനക്കാര്‍

രാജ്യത്തെ പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ബാങ്ക് ഹോളിഡേ ദിവസങ്ങളില്‍ ഒരു ദിവസത്തെ വേതനം ലഭിക്കാനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഇത് ലഭിക്കാന്‍ പൊതു അവധിക്ക് മുമ്പുള്ള അഞ്ച് ആഴ്‌ചകളിൽ തൊഴിലുടമയ്‌ക്ക് വേണ്ടി കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജീവനക്കാര്‍ ജോലി ചെയ്‌തിരിക്കണം. കൂടാതെ പാര്‍ട് ടൈം ജീവനക്കാര്‍ സാധാരണയായി ജോലി ചെയ്യുന്ന ദിവസങ്ങളില്‍ വരുന്ന പൊതു അവധി ദിവസങ്ങള്‍ക്ക് മാത്രമാണ് ഒരു ദിവസത്തെ വേതനം ലഭ്യമാവുകയുള്ളു.

ബാങ്ക് ഹോളിഡേ ദിവസത്തില്‍ ജോലി ചെയ്യുന്ന പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ അധികവേതനം തൊഴില്‍ദാതാക്കള്‍ നല്‍കേണം. ജീവനക്കാര്‍ സാധാരണയായി ജോലിചെയ്യാത്ത ദിവസത്തിലാണ് പൊതു അവധിയെങ്കില്‍ അവരുടെ പ്രതിവാര ശമ്പളത്തിന്റെ അഞ്ചിലൊന്ന് അവര്‍ക്ക് ലഭിക്കും.

വാരാന്ത്യങ്ങളിലെ പൊതു അവധി ദിവസങ്ങള്‍

സ്ഥാപനങ്ങള്‍ സാധാരണയായി പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലാണ്(ഉദാ: ശനി, ഞായര്‍) പൊതു അവധി വരുന്നതെങ്കിലും പൊതു അവധിയുടെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിന് പകരമായി തൊട്ടടുത്ത പ്രവൃത്തിദിവസം അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ല.

Share this news

Leave a Reply

%d bloggers like this: