കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ഗാര്‍ഡ അന്വേഷിക്കുന്നതായി വ്യാജ സന്ദേശം; തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഗാര്‍ഡ

കുട്ടികള്‍ക്കെതിരായ ലൈഗികാതിക്രമക്കേസില്‍ ഗാര്‍ഡ അന്വേഷിക്കുന്നതായുള്ള വ്യാജ ഇ-മെയില്‍ സന്ദേശങ്ങളയക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ. “ചൈല്‍ഡ് പോണോഗ്രാഫി, പീഡോഫീലിയ, സൈബര്‍ പോണോഗ്രാഫി, സെക്സ് ട്രാഫിക്കിങ് എന്നിവയുള്‍പ്പെടെയുളള വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഗാര്‍ഡ പിടിച്ചെടുക്കുകയാണ് ” എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ അന്വേഷണ പരിധിയിലുള്ള ആളുകളുമായി ഗാര്‍ഡ ഒരിക്കലും ഇത്തരത്തിലുള്ള ആശയവിനിമയം നടത്തുകയില്ല എന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇത്തരം മെയിലുകള്‍ ലഭിക്കുന്ന ആളുകള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ചും ഗാര്‍ഡ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സ്വകാര്യ, സാമ്പത്തിക, സുരക്ഷാ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്.
ഇത്തരം മെയിലുകളിലുള്ള ലിങ്കുകളിലോ, അറ്റാച്ച്മെന്റുകളിലോ ക്ലിക്ക് ചെയ്യരുത്
മെയിലുകള്‍ യഥാര്‍ത്ഥ സോഴ്സുകളില്‍ നിന്നുമാണെന്ന് വിശ്വസിക്കുകയാണെങ്കില്‍, ഇത് സ്വന്തം നിലയില്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുക
ഇത്തരം മെയിലുകളിലോ, മെസേജുകളിലോ ഉള്ള കോണ്ടാക്ട് നമ്പറുകള്‍ ഉപയോഗിക്കാതിരിക്കുക

നിലവില്‍ ഇത്തരം സന്ദേശം ലഭിച്ചിട്ടുള്ളവരോ,ഇതുസംബന്ധിച്ച് ആശങ്കയുള്ളവരോ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു. അറിഞ്ഞോ, അറിയാതെയോ ഈ തട്ടിപ്പിന്റെ ഭാഗമായവരും, ഇരയാക്കപ്പെട്ടവരും അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: