ഭരണഘടന വിരുദ്ധ പരാമർശം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചു

ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച് പരാമര്‍ശം നടത്തിയ കേരള സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യമന്ത്രി സജി ചെറിയാന്‍ രാജിവച്ചു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകീട്ടാണ് സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി.പി.ഐ.എം നടത്തിയ പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ചില പരാമര്‍ശങ്ങള്‍ സജി ചെറിയാന്‍ നടത്തിയത്. ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളും, നിയമവിദഗ്ധരും മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു.

ഇന്ന് രാവിലെ മുതല്‍ തന്നെ തിരുവനന്തപുരം എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് വലിയ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നുവെങ്കിലും, മന്ത്രി രാജി വയ്ക്കേണ്ടതില്ല എന്ന നിലപാടായിരുന്നു സി.പി.ഐ.എം ആദ്യം എടുത്തത്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെയും, ഘടകകക്ഷികളുടെയും ഇടപെടല്‍ മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതായാണ് ലഭ്യമാവുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം സ്വീകരിച്ചിരുന്നതായും, അത് സജി ചെറിയാന് എതിരായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സജി ചെറിയാന്‍ രാജി വച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും.

വൈകീട്ട് രാജി വച്ചുകൊണ്ട് സജി ചെറിയാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ പ്രസംഗത്തെ തള്ളിപ്പറയാനോ, ഖേദം പ്രകടിപ്പിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായി. അദ്ദേഹം തുടക്കം മുതല്‍ പറഞ്ഞിരുന്ന ‘നാക്കുപിഴ’ എന്ന ന്യായത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു അതേസമയം സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം കൂടെ രാജി വയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: