ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വൻറി-ട്വൻറി : വമ്പൻ ജയവുമായി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 50 റണ്‍സിന്റെ വമ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് സംഘത്തിന് 19.3 ഓവറില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ബാറ്റിങ്ങിലും, ബൌളിങ്ങിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച ഹാര്‍ദിക് പാണ്ഢ്യയാണ് കളിയിലെ താരം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 33 പന്തുകളില്‍ നിന്നും51 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ്-39(19), ദീപക് ഹൂഢ-33(17) എന്നിവരും ഇന്ത്യന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നായകന്‍ രോഹിത് ശര്‍മ 14 പന്തുകളില്‍ നിന്നും 24 റണ്‍സ് നേടി പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഓവറില്‍ തന്നെ വിറപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ബൌളിങ് ആരംഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്ലറിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ ഇന്ത്യന്‍ ബൌളര്‍മാര്‍ ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഹാര്‍ദിക് പാണ്ഢ്യ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തി. യൂസ്‍വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീക്കറ്റുകളും വീഴ്ത്തി.

ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. നാളെ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.

Share this news

Leave a Reply

%d bloggers like this: