മോഷ്ടിച്ച സ്ക്രാച്ച് കാർഡിൽ പേരും അഡ്രസ്സും എഴുതി കുടുങ്ങിയ കള്ളൻ

കടയില്‍ നിന്നും സ്ക്രാച്ച് കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ ഡബ്ലിന്‍ സ്വദേശി പിടിയില്‍. 38 വയസ്സുകാരനായ Wayne Sullivan ആണ് പിടിയിലായത്. 2021 ജനുവരിയില്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചതോടെ ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി വിധിച്ചു. കടയില്‍ നിന്നും മോഷ്ടിച്ച സ്ക്രാച്ച് കാര്‍ഡിന്റെ പിന്‍ഭാഗത്ത് പേരും പൂര്‍ണ്ണമായ അഡ്രസ്സും എഴുതിക്കൊണ്ടായിരുന്നു ഇയാള്‍‍ സമ്മാനത്തുക കൈപ്പറ്റാനായി ചെന്നത്. ഇതിന്റെ സഹായത്തോടെയാണ് ഗാര്‍ഡ ഇയാളെ തിരിച്ചറിഞ്ഞത്.

2021 ജനുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്നും സംഭവം നടന്ന കടയിലേക്ക് ടാക്സി കാറില്‍ ചെന്ന Sullivan കളിത്തോക്ക് ചൂണ്ടി കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും, സ്ക്രാച്ച് കാര്‍ഡുകളും തട്ടിപ്പറിക്കുകയായിരുന്നു. 126 യൂറോ, നിരവധി കോയിനുകള്‍, പത്ത് യൂറോയുടെ നിരവധി സ്ക്രാച്ച് കാര്‍ഡുകള്‍ എന്നിവയായിരുന്നു ഇയാള്‍ കടയില്‍ നിന്നും മോഷ്ടിച്ചത്.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടിച്ച കാര്‍ഡിലെ സമ്മാനര്‍ഷമായ കാര്‍ഡുമായി ഇയാള്‍ GPO ഓഫീസിലെത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. 5000 യൂറോ ആയിരുന്നു സമ്മാനത്തുക. തുടര്‍ന്ന് ഗാര്‍ഡ ഈ കാര്‍ഡ് തിരിച്ചറിയുകയും, കാര്‍ഡിന് പിന്‍ഭാഗത്ത് ഇയാള്‍ Wayne Sullivan (38) of Beauvale Park, Artane, Dublin 9എന്ന പൂര്‍ണ്ണമായ അഡ്രസ്സ് എഴുതി വച്ചതും കണ്ടു.

തുടര്‍ന്ന് ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണ സമയത്ത് ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം ഗാര്‍ഡ കണ്ടെത്തി. കടയില്‍ നിന്നും ലഭിച്ച ഫേസ് മാസ്കിലെ DNA സാമ്പിള്‍ Sullivan ന്റേതുമായി മാച്ച് ആയതോടെ കുറ്റവാളി ഇയാളാണെന്ന് ഗാര്‍ഡ ഉറപ്പിക്കുകയും ചെയ്തു. സ്ക്രാച്ച് കാര്‍ഡ് തട്ടിപ്പിലൂടെ ഇയാള്‍ കൈവശപ്പെടുത്തിയ 5000 യൂറോ ഇതുവരെയും കണ്ടെത്താന്‍ ഗാര്‍ഡക്ക് കഴിഞ്ഞിട്ടില്ല.

ആദ്യം രണ്ടര വര്‍ഷത്തെ ജയില്‍വാസമാണ് കോടതി വിധിച്ചതെങ്കിലും, പിന്നീട് ഇത് ഒന്നര വര്‍ഷമായി കുറയ്ക്കുകയായിരുന്നു. മോഷണം, ട്രാഫിക് ലംഘനം ഉള്‍പ്പെടെ നാല്‍പതോളം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് Wayne Sullivan.

Share this news

Leave a Reply

%d bloggers like this: