അയർലൻഡുകാർ 2020 ൽ ഡേറ്റിംഗ് സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും ചിലവാക്കിയത് 49 മില്യൺ യൂറോ; ഡിജിറ്റൽ സർവീസുകൾക്കായി ആകെ ചിലവാക്കിയത് 896 മില്യൺ യൂറോ

2020 ല്‍ അയര്‍ലന്‍ഡുകാര്‍ സോഷ്യല്‍ മീഡിയകളിലും, ഡേറ്റിങ് സൈറ്റുകളിലും ചിലവാക്കിയത് 49മില്യണ്‍ യൂറോയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) ഏറ്റവുമൊടുവിലായി പുറത്തുവിട്ട digital services expenditure റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതേ വര്‍ഷം ഡിജിറ്റല്‍ സര്‍വ്വീസുകള്‍ക്കായി അയര്‍ലന്‍ഡുകാര്‍ ആകെ ചിലവാക്കിയത് 896 മില്യണ്‍ യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ ഏറ്റവും കൂടുതല്‍ തുക അയര്‍ലന്‍ഡുകാര്‍ ചിലവാക്കിയത് വീഡിയോ സ്ട്രീമിങ് സര്‍വ്വീസുകള്‍ക്കാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 211 മില്യണ്‍ യൂറോയാണ് ആകെ ചിലവ്. 198 മില്യണ്‍ യൂറോയോളം ഡിജിറ്റല്‍ സര്‍വ്വീസ് ദാതാക്കളായ ഐറിഷ് റെസിഡന്റ് കമ്പനികളിലാണ് ആളുകള്‍ ചിലവാക്കിയത്.

ഓണ്‍ലൈന്‍ ഗെയിമിങ്ങിനായി 137 മില്യണ്‍ യൂറോയും, ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്കായി 130 മില്യണ്‍ യൂറോയും 2020ല്‍ അയര്‍ലന്‍ഡുകാര്‍ ചിലവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സര്‍വ്വീസുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് യു.കെയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.യു.കെയില്‍ നിന്നും ആകെ ഇറക്കുമതി ചെയ്യപ്പെട്ട 302 മില്യണ്‍ യൂറോയോളം വരുന്ന ഡിജിറ്റല്‍ സര്‍വ്വീസുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ടവയായിരുന്നു.

ഓഡിയോ ബുക്കുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവ പബ്ലിഷ് ചെയ്യുന്നതിനായി 25മിലിയണ്‍ യൂറോയും, വിദ്യാഭ്യാസം, ഹോബികള്‍ എന്നിവയ്ക്കായി 21 മില്യണ്‍ യൂറോയും ചിലവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബ്രോഡ്ബാന്റ്, ടെലിവിഷന്‍ എന്നിവയ്ക്കായി ചിലവാക്കിയ തുക ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: