കാര്യവട്ടം ട്വൻറി – ട്വൻറി യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം

തിരുവന്തപുരത്ത് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി – ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് എന്ന കുറഞ്ഞ വിജയലക്ഷ്യം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ കാണികളെ ആവേശം കൊള്ളിച്ചുകൊണ്ട് ഇന്ത്യ മറികടന്നു.

താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ എത്തിയ ആരാധകരെ നിരാശരാക്കിക്കൊണ്ടായിരുന്നു മത്സരം പുരോഗമിച്ചത്. ബാറ്റിങ് അനുകൂലമായ പിച്ചാണെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പിച്ച് പൂര്‍ണ്ണമായും ബൌളര്‍മാരെ പിന്തുണയ്ക്കുന്നതായിരുന്നു. ആദ്യം ബൌള്‍ ചെയ്ത ഇന്ത്യക്ക് തന്നെയാണ് പിച്ചിന്റെ ആനുകൂല്യം വലിയ രീതിയില്‍ ലഭിച്ചത്. ആദ്യ മൂന്നോവറുകള്‍ക്കുള്ളില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ 5 മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ നേടി. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ നായകന്‍ ബാവുമ പുറത്തായി. അര്‍ഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നീങ്ങി. 41 റണ്‍സ് നേടിയ കേശവ് മഹാരാജ്, 24 റണ്‍സ് നേടിയ പാര്‍നല്‍ എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 100 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങയെ ഇന്ത്യയുടെ ബാറ്റിങ് നിരയും റണ്‍സ് നേടുന്നതിനായി കഷ്ടപ്പെടുന്നതായി കാണാമായിരുന്നു. എങ്കിലും വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തു. റണ്‍സൊന്നുമെടുക്കാതെ നായകന്‍ രോഹിത് ശര്‍മ, 6 റണ്‍സ് നേടിയ വിരാട് കോലി എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. സൂര്യുകുമാര്‍ യാദവ് പതിവുശൈലിയില്‍ ബാറ്റ് വീശി 33 പന്തില്‍ നിന്നും 50 റണ്‍സ് നേടി. പതിയെ കളിച്ച കെ.എല്‍ രാഹുലും അര്‍ദ്ധശതകം തികച്ച് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യമത്സരം വിജയിച്ച് നിലവില്‍ 1-0 ന് മുന്നിലാണ് ഇന്ത്യ ‍. ഞായറാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം.

Share this news

Leave a Reply

%d bloggers like this: