കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ഐറിഷ് സമൂഹം ; ഈസ്റ്റ് വാളിൽ അഭയാർഥികൾക്ക് പിന്തുണയുമായി പ്രത്യേക കൂട്ടായ്മ

അയര്‍ലന്‍ഡില്‍ തുടര്‍ച്ചയായുണ്ടാവുന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ അണിനിരന്ന് ഐറിഷ് സമൂഹം. നോര്‍ത്ത് ഡബ്ലിനിലെ കുടിയേറ്റക്കാരു‌ടെ താമസസ്ഥലത്തിന് പുറത്ത് നടന്ന പ്രതിഷേധങ്ങളെ അപലപിച്ചുകൊണ്ട് മേഖലയിലെ ബിസിനസ് സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ക്ലബ്ബുകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തുവന്നു.

ഡബ്ലിന്‍ നോര്‍ത്ത് – വെസ്റ്റ് മണ്ഢലങ്ങളില്‍ നിന്നുള്ള പാര്‍ലിമെന്റ് പ്രതിനിധികളായ Dessie Ellis, Paul McAuliffe, Róisín Shortall എന്നിവരും, Ballymun-Finglas മേഖലയിലെ ആറോളം കൌണ്‍സിലര്‍മാരും പ്രതിഷേധങ്ങളെ അപലപിച്ചുകൊണ്ടും, കുടിയേറ്റക്കാരെ പിന്തുണച്ചുകൊണ്ടുമുള്ള കത്തില്‍‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

ഫുട്ബോള്‍ താരം Philly McMahon, Bohemian Football Club, Ballymun Men’s Shed, Ballymun Tidy Towns, ഡബ്ലിനിലെ Supervalu എന്നിവരും ഈ ഡോക്യമെന്റില്‍ ഒപ്പുവച്ചിട്ടുണ്ട്.

” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലിമണിലെ അഭയാർത്ഥികൾക്ക് നേരെ നടക്കുന്ന അധിക്ഷേപത്തെയും വിദ്വേഷത്തെയും എതിർക്കുന്നതിൽ ബാലിമണിലെ ബഹുഭൂരിപക്ഷം ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ആരും തന്നെ ഇത്തരം ഭീഷണികളില്‍ ഭയക്കരുത്.

മേഖലയില്‍ ഹൌസിങ്, ഭവനക്ഷാമം. പട്ടിണി, സാമൂഹിക സമത്വം, മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനം, തൊഴില്‍, ആരോഗ്യം, പരിസ്ഥിതി-സാമൂഹിക സൌകര്യങ്ങള്‍ തുടങ്ങി ധാരാളം പ്രശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, ഇത്തരം പ്രശ്നങ്ങളുടെ മറവുപറ്റി ഭയവും, വിദ്വേഷവും വളര്‍ത്താനാണ് ചിലരുടെ ശ്രമം. സംഘടനകൾ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും ഈ പ്രദേശം മികച്ചതാക്കുന്നതിനും നല്ല മാറ്റത്തിനായി പോരാടുന്നതിനും ഞങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നത് തുടരുമെന്നും” ഈ ഡോക്യുമെന്റില്‍ പറയുന്നു.

പ്രതിഷേധങ്ങള്‍ ഡബ്ലിന്‍ ജനതയുടെ നേതൃത്വത്തിലുള്ളതല്ല എന്നും, ഏരിയയ്ക്ക് പുറത്തുള്ള തീവ്ര വലതുപക്ഷ വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണങ്ങളുമായി ഡബ്ലിന്‍ മേയര്‍ Caroline Conroy കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു.

പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറും, ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് അടക്കമുള്ളവരും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. ഇത് പ്രതിഷേധമല്ല കുടിയേറ്റക്കാര്‍ക്കെതിരായ ഭീഷണിയാണ് എന്നായിരുന്നു ജസ്റ്റിസ് മിനിസ്റ്ററുടെ പ്രതികരണം.

അതേസമയം ഡബ്ലിന്‍ ഈസ്റ്റ് വാളിലെ ESB ബില്‍ഡിങ്ങിന് പുറത്തുനടന്ന പ്രതിഷേധങ്ങളെ അപലപിച്ചുകൊണ്ടും, ഈസ്റ്റ് വാളിലേക്ക് അഭയാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടും ഈസ്റ്റ് വാള്‍ കേന്ദ്രീകരിച്ച് East Wall Here For All, എന്ന പേരില്‍ പ്രത്യേക കൂട്ടായ്മയ്ക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കി. കമ്മ്യൂണിറ്റിയിലേക്ക് പുതിയ താമസക്കാരെ സ്വാഗതം ചെയ്യുന്നതിനായി 6,500 യൂറോയോളം കഴിഞ്ഞ ദിവസം ഈ കൂട്ടായ്മ സമാഹരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: