അയർലൻഡിലെ ആർഗോസ് ഷോപ്പുകൾക്ക് പൂട്ടുവീഴുന്നു ; ജൂൺ അവസാനത്തോടെ എല്ലാ ഔട്ട്‍ലെറ്റുകളും പ്രവർത്തനം അവസാനിപ്പിക്കും

അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ഏറെക്കാലം വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കിയ ആര്‍ഗോസ് ഷോപ്പുകള്‍ക്ക് പൂട്ടുവീഴുന്നു. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ ഔട്ട്‍ലെറ്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരവും കമ്പനി അവസാനിപ്പിക്കും. ആമസോണ്‍ പോലെയുള്ള വന്‍കിട ഷോപ്പിങ് സൈറ്റുകള്‍ വരുന്നതിന് മുന്‍പ് തന്നെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ ആശ്രയിച്ചിരുന്ന സ്ഥാപനത്തിനാണ് ഇതോടെ അവസാനമാവുന്നത്.

സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ രാജ്യത്തെ 34 ഔട്ട്‍ലെറ്റുകളായി ജോലിചെയ്യുന്ന 580 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാവും. ഇവര്‍ക്കായുള്ള redundancy package സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇതിനകം തന്നെ വിവരം നല്‍കിയിട്ടുണ്ട്.

അയര്‍ലന്‍ഡില്‍ തങ്ങളുടെ ബിസിനസ് വികസിപ്പിക്കുന്നതിനായി ചിലവഴിച്ച തുക ലാഭകരമല്ലെന്നും, ഇത് മറ്റു മേഖലകളില്‍ നിക്ഷേപിക്കാനാണ് കമ്പനി തീരുമാനമെന്നും ആര്‍ഗോസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കമ്പനിയുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും വിഷമമുളവാക്കുമെന്ന് അറിയാമെന്നും, ഈ തീരുമാനം മൂലം ബാധിക്കപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനായി കമ്പനി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ആര്‍ഗോസ് അയര്‍ലന്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍ Andy McClelland പറഞ്ഞു.

കമ്പനിയുടെ തീരുമാനത്തില്‍ നിരാശ പ്രകടമാക്കിക്കൊണ്ട് The Mandate ട്രേഡ് യൂണിയന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നു. ഒഴിവാക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ട്രേഡ് യൂണിയന്‍ പ്രതിനിധി Michael Meegan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: