അയർലൻഡിലെ കുടിയേറ്റക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾക്കെതിരെ പെറ്റീഷൻ ക്യാംപെയിനുമായി Luas ൽ വച്ച് ആക്രമിക്കപ്പെട്ട ഇന്ത്യൻ യുവതിയുടെ ഭർത്താവ്

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്കെതിരെ അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ശക്തമായ നിയമസംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് ഡബ്ലിനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ Aditya Mohtra. ഇതിനായി change.org യില്‍ ഒരു പെറ്റീഷന്‍ ക്യംപെയിനും ആദിത്യ ആരംഭിച്ചിട്ടുണ്ട്. തന്റെ ഭാര്യയായ Aanchal Mohtra ദിവസങ്ങള്‍ക്ക് മുന്‍പ് Luas ട്രെയിനില്‍ വച്ച് മൂന്ന് കൌമാരക്കാരായ പെണ്‍കുട്ടികളുടെ അക്രമത്തിനിരയായ സാഹചര്യത്തിലാണ് പെറ്റീഷന്‍ ക്യാംപെയിനുമായി ആദിത്യ രംഗത്തുവന്നിരിക്കുന്നത്. ഇതിനകം അയ്യായിരത്തോളം ആളുകള്‍ ഈ പെറ്റീഷനില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഡബ്ലിനിലെ സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുന്നതായും, കുടിയേറ്റക്കാര്‍ മാത്രമല്ല അയര്‍ലന്‍ഡിലെ തന്നെ മുതിര്‍ന്ന പൌരന്‍മാരും അക്രമങ്ങള്‍ക്ക് ഇരയാവുന്നതായി ആദിത്യ തന്റെ പെറ്റീഷനില്‍ പറയുന്നു. കൌമാരക്കാര്‍ ആയുധങ്ങളടക്കം കയ്യില്‍ വച്ചുകൊണ്ട് ആളുകളെ കൊള്ളയടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിയമസംവിധാനങ്ങള്‍ക്ക് തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസമാണ് അവര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഊര്‍ജ്ജം നല്‍കുന്നതെന്നും, അതിനാല്‍ 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കുള്ള നിയമസംവിധാനങ്ങള്‍ ശക്തമാക്കണമെന്നും ആദിത്യ ആവശ്യപ്പെടുന്നു.

തന്റെ ഭാര്യ ട്രെയിനില്‍ വച്ച് നേരിട്ട ആക്രമത്തെ സംബന്ധിച്ച് തന്റെ പെറ്റീഷന്‍ പോസ്റ്റില്‍ ആദിത്യ വിശദമാക്കിയിട്ടുണ്ട്. ട്രെയിനില്‍ തിരക്കേറിയ സമയത്ത് കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ പ്രകോപനം കൂടാതെ ഭാര്യയെ ആക്രമിച്ചതായും, ട്രെയിനിലുള്ള ആരും തന്നെ ഈ പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാനായി മുന്നോട്ട് വന്നില്ലെന്നും ആദിത്യ പറയുന്നു. ഭാര്യ നിലവില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ നേരിടുകയാണെന്നും , സമാന അനുഭവങ്ങള്‍ ധാരാളം പേര്‍ക്കുണ്ടെന്നും ആദിത്യ തന്റെ പോസ്റ്റിലൂടെ പറയുന്നു.

‍ ആദിത്യയും അയര്‍ലന്‍ഡിലെ കൗമാരക്കാരില്‍ നിന്നും പലതവണയായി വംശീയമായ അതിക്രമങ്ങള്‍ നേരിട്ടിരുന്നതായി പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. 2019 ല്‍ നാല് കൗമാരക്കാര്‍ തന്നെ ക്രൂരമായി ആക്രമിച്ചപ്പോള്‍ ഗാര്‍ഡയില്‍ പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല എന്നാണ് ആദിത്യ പറയുന്നത്.

പെറ്റീഷന്‍ ക്യാംപെയിനിന്റെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.change.org/p/save-immigrants-from-minors-criminal-law-required-for-racism-and-anti-social-behaviour

Share this news

Leave a Reply

%d bloggers like this: