ഡബ്ലിനിൽ ഒരു സൈക്കിൾ മോഷ്ടിക്കപ്പെടാൻ എടുക്കുന്ന സമയമെത്ര ? RTE റിപ്പോർട്ടർമാർ സൈക്കിൾ കള്ളന്മാർക്ക് പിറകെ പോയപ്പോൾ സംഭവിച്ചത് എന്തെന്നറിയാം

ഡബ്ലിനില്‍‍ ഓരോ വര്‍ഷവും ഇരുപതിനായിരത്തിലധികം സൈക്കിളുകള്‍ മോഷ്ടിക്കപ്പെടുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് ഡബ്ലിന്‍ സൈക്ലിങ് ക്യാംപെയിന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇവയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാവട്ടെ അയ്യായിരിത്തിലധികം കേസുകള്‍ മാത്രം. കോടികള്‍ വിലയുള്ള കാറുകള്‍ ചീറിപ്പായുന്ന ഡബ്ലിനിലെ തെരുവുകളില്‍ നിന്നും സൈക്കിളുകള്‍‍ മോഷണം പോവുന്നത് വലിയ കാര്യമാണോ എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. എന്നാല്‍ ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന സൈക്കിളുകള്‍ പലപ്പോഴും ലക്ഷങ്ങള്‍ വില വരുന്നവയാവാം.

ഒരു വ്യായാമം എന്നതിലുപരി സൈക്കിളുകള്‍ പലരുടെയും പ്രഥമ ഗതാഗത മാര്‍ഗ്ഗമാണ് അയര്‍ലന്‍ഡില്‍. മറ്റു ചിലര്‍ക്കാകട്ടെ സൈക്കിളുകള്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗവുമാണ്. തങ്ങളുടെ സൈക്കിളുകള്‍ മോഷണം പോവുന്നതിലൂടെ ആളുകള്‍ eco-friendly അല്ലാത്ത ഗതാഗത മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുകയും, ഇത് പ്രകൃതിയെ പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സൈക്കിളുകള്‍ മോഷണം പോവുന്നതിലൂടെ പകുതിയോളം ആളുകള്‍ സൈക്ലിങ് ശീലം തന്നെ അവസാനിപ്പിക്കുന്നതായി ഈ ക്യാംപെയിന്‍ വക്താവ് Úna Morrision പറയുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ സൈക്കിളുകള്‍ മോഷണം പോവുന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല.

ഡബ്ലിന്‍ നഗരത്തില്‍ നിന്നും ഒരു സൈക്കിള്‍ മോഷ്ടിക്കപ്പെടാന്‍ എത്ര സമയമെടുക്കും എന്ന് കണ്ടെത്താനായി RTE- പ്രൈം നടത്തിയ ശ്രമം ഒന്നു പരിശോധിക്കാം. ഇതിനായി ഒരു പുതിയ ഇലക്ട്രിക് സൈക്കിള്‍ പാര്‍നല്‍ സ്ട്രീറ്റിന്റെയും, കിങ്സ് ഇന്‍ സ്ട്രീറ്റിന്റെയും ഇടയിലായി ഇവര്‍ ലോക്ക് ചെയ്തു. ഒരു Sheffield ബൈക്ക് സ്റ്റാന്റില്‍ ഒരു സാധാരണ കേബിള്‍ ലോക്ക് ഉപയോഗിച്ചായിരുന്നു ഇത് ലോക്ക് ചെയ്തിരുന്നത്. ശേഷ‍ം മോഷ്ടാവിനായി ക്യാമറയുമായി ഇവര്‍ കാത്തിരുന്നു. നാല്‍പത് മിനിറ്റുകള്‍ക്ക് ശേ‍ഷം ഒരു സംഘം അവിടേക്കെത്തുകയും ലോക്ക് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ശ്രമം പരാജയപ്പെട്ടതോടെ അവിടെ നിന്നും മടങ്ങി അരമണിക്കൂറുകള്‍ക്ക് ശേഷം അവര്‍ തിരികെ വന്നു. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവരില്‍ രണ്ട് പേര്‍ന്ന് ആ ലോക്ക് തകര്‍ക്കുകയായിരുന്നു.

അല്‍പം പരിഭ്രാന്തരായ ശേഷം അവര്‍ അവിടെ നിന്നും മാറി. എന്നാല്‍ ഉടന്‍ തന്നെ മടങ്ങി വരികയും സൈക്കിളുമായി കടന്നു കളയുകയും ചെയ്തു. അതായത് ഡബ്ലിന്‍ നഗരത്തില്‍ നിന്നും ഒരു സൈക്കിള്‍ മോഷ്ടിക്കപ്പെടാന്‍ രണ്ട് മണിക്കൂര്‍ പോലും ആവശ്യമില്ല. അതാവട്ടെ നഗരത്തില്‍ ആളുകളുള്ളപ്പോള്‍ പകല്‍ സമയത്തും.

എന്നാല്‍ ഈ സൈക്കിളില്‍ ട്രാക്കര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ ഇതുമായി എങ്ങോട്ട് പോവുന്നു എന്നത് റിപ്പോര്‍ട്ടമാര്‍ക്ക് ട്രാക്ക് ചെയ്യാമായിരുന്നു. അവിടെ നിന്നും പോയ സൈക്കിള്‍ Tolka നദീ പരിസരത്തുള്ള Ballybough ല്‍ വച്ച് ആര്‍ക്കോ വില്‍പന നടത്തുകയായിരുന്നു. പിന്നീട് ഈ സൈക്കിള്‍ ഈസ്റ്റ് വാള്‍ മേഖലയിലെ ഒരു വീട്ടിലെ ഗാര്‍ഡനിലേക്കാണ് എത്തിയത്.

ഈ സൈക്കിളില്‍ ട്രാക്കര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ ഇത് കണ്ടെത്താനും തിരികെ ഏല്‍പിക്കാനും ഗാര്‍ഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര സൈക്കിളുകളില്‍ ട്രാക്കര്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാവും? ഓരോ വര്‍ഷവും മോഷ്ടിക്കപ്പെടുന്ന സൈക്കിളുകളില്‍ വലിയൊരു ശതമാനം ഗാര്‍ഡ കണ്ടുപിടിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് ഉടമസ്ഥരിലേക്ക് തിരികെ എത്തുന്നത്. മോഷണം പോയ സൈക്കിളുകള്‍ പല ഉടമസ്ഥരും പിന്നീട് ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്നതാണ് സത്യം.

Share this news

Leave a Reply

%d bloggers like this: