അയര്‍ലന്‍ഡില്‍ ഫ്രൂട്ട് പാക്കിങ് ജോലികളില്‍ വ്യാജ തൊഴില്‍ വാഗ്ദാനവുമായി തട്ടിപ്പുസംഘം രംഗത്ത്. വ്യാജ ഓഫര്‍ ലെറ്ററുകള്‍ നല്‍കുകയും, മെഡിക്കല്‍ പരിശോധനകളുമടക്കം നടത്തിയ ശേഷമാണ് ഇവര്‍ ആളുകളെ വഞ്ചിക്കുന്നത്. Berry Clone എന്ന പേരിലുള്ള വ്യാജ കമ്പനിയാണ് ഇത്തരത്തില്‍ തട്ടിപ്പുമായി നിലവില്‍ രംഗത്തുള്ളത്. കോര്‍ക്കിലെ ബിഷപ്പ്ടൌണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഈ പേരിലുള്ള കമ്പനി കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വാസ്തവം.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും യുവാക്കളെ നിരവധി വാഗ്ദാനങ്ങല്‍ നല്‍കി ആകര്‍ഷിക്കുകയാണ് ഈ വ്യാജ കമ്പനി ചെയ്യുന്നത്. മാസത്തില്‍ 2500 യൂറോ ശമ്പളത്തില്‍ ദിവസേ 8 മണിക്കൂര്‍ വീതമുള്ള ജോലിയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നിരവധി വ്യാജ ആനുകൂല്യങ്ങളും ഇവര്‍ പരസ്യപ്പെടുത്തുന്നു. ഈ വാഗ്ദാനങ്ങളില്‍ വീണുപോവുന്ന യുവാക്കള്‍ക്ക് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം ബാംഗ്ലൂരില്‍ നിന്നും ഇവര്‍ക്കായി മെഡിക്കല്‍ പരിശോധന നടത്തുകയും, വ്യാജ ടിക്കറ്റുകളടക്കം നല്‍കിയ ശേഷം വിസയ്ക്കായി കാത്തിരിക്കാനായും ആവശ്യപ്പെടും. അമ്പതിനായിരും രൂപയോളം ഓരോരുത്തരില്‍ നിന്നും ഇവര്‍ ഈടാക്കുകയും ചെയ്യുന്നുണ്ട്.
കമ്പനിയുടെ വെബ്സൈറ്റ് കണ്ടും, തട്ടിപ്പുകാര്‍ നല്‍കുന്ന തെറ്റായ വിവരങ്ങളും വിശ്വസിച്ചുകൊണ്ടാണ് യുവാക്കള്‍ ഇതിലേക്ക് വീഴുന്നത്. അയര്‍ലന്‍ഡിലുള്ള ആളുകളുമായി ബന്ധപ്പെടുമ്പോള്‍ ഈ കമ്പനി വ്യാജമാണെന്ന വിവരം നല്‍കാറുണ്ടെങ്കിലും ഇവര്‍ ഇത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.
എന്നാല്‍ അയര്‍ലന്‍ഡില്‍ നിയമപ്രകാരം ജോലി ചെയ്യണമെങ്കില്‍ ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസ് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. നിലവില്‍ വിദേശികള്‍ക്ക് ഫ്രൂട്ട് പാക്കിങ് ജോലികള്‍ക്ക് ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നില്ല. ഈ വാസ്തവം മനസ്സിലാക്കാതെയാണ് പലരും ഈ തട്ടിപ്പുസംഘം ഒരുക്കിയ ചതിക്കുഴിയിലേക്ക് വീഴുന്നത്.