അയർലണ്ടിൽ സ്റ്റോക്ക് ഉള്ളത് 3 ദിവസത്തേക്കുള്ള രക്തം മാത്രം; കൂടുതൽ ദാതാക്കൾ മുന്നോട്ട് വരണമെന്ന് അധികൃതർ

രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി Irish Blood Transfusion Service (IBTS). എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ആവശ്യമുണ്ടെന്നും, നിലവില്‍ അടുത്ത മൂന്ന് ദിവസത്തേയ്ക്കുളള രക്തം മാത്രമേ ബാങ്കുകളില്‍ സ്റ്റോക്ക് ഉള്ളൂ എന്നും IBTS ഡയറക്ടറായ Paul McKinney വ്യക്തമാക്കി. ഏഴ് ദിവസത്തേയ്ക്കുള്ള രക്തം നേരത്തെ തന്നെ സ്‌റ്റോക്ക് ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്ന് ദിവസത്തേയ്ക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ എന്നതിനാല്‍ രാജ്യത്ത് pre-Amber Alert നല്‍കിയിട്ടുണ്ട്.

ആഴ്ചയില്‍ 3000 പേരില്‍ നിന്നുമാണ് രക്തം സ്വീകരിക്കാറുള്ളതെന്നും, പക്ഷേ ഇതിന് പുറമെ ഇനിയുള്ള അഞ്ച് ആഴ്ചയില്‍ ഓരോ ആഴ്ചയും 400 പേരില്‍ നിന്നുകൂടി രക്തം സ്വീകരിക്കാനാണ് ശ്രമമെന്നും Paul McKinney പറഞ്ഞു. ഇത് വലിയ വെല്ലുവിളിയാണെന്നും, അതേസമയം രക്തദാതാക്കള്‍ക്ക് ഇത് ഏറ്റെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്ത് പുതിയ രക്തദാതാക്കളുടെ എണ്ണത്തില്‍ പകുതിയോളം കുറവുണ്ടായതായും Paul McKinney പറഞ്ഞു. നിലവില്‍ സ്ഥിരമായി രക്തം നല്‍കുന്നവരുടെ എണ്ണം 85,000 ആണ്. കോവിഡിന് മുമ്പ് 17,500-18,000 പേര്‍ വീതം പുതിയ ദാതാക്കളായി എത്താറുണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ പകുതിയായി.

ആശുപത്രികളില്‍ രക്തത്തിന് ഡിമാന്‍ഡ് ഏറുകയാണെന്നും, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുല്‍ റെഡ് സെല്ലുകളും, പ്ലേറ്റ്‌ലറ്റുകളും നല്‍കേണ്ടിവന്നത് ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തിനിടെയാണെന്നും Paul McKinney ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ രക്തം സ്റ്റോക്ക് ഉള്ളപ്പോള്‍ pre-Amber Alert ആണ് നല്‍കുക. ഇതിലും കുറവ് സംഭവിക്കുമ്പോള്‍ Amber Alert നല്‍കും. അങ്ങനെ വന്നാല്‍ ആവശ്യത്തിന് സ്‌റ്റോക്ക് എത്തുംവരെ അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ നിര്‍ത്തിവയ്ക്കാനോ, മാറ്റിവയ്ക്കാനോ ആശുപത്രികളോട് ആവശ്യപ്പെടും. എന്നാല്‍ ഇത്തരമൊരു സാഹചര്യം അയര്‍ലണ്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: