ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച 16 ഡ്രൈവർമാരെ പിരിച്ചുവിട്ടതായി Dublin Bus

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയ 16 ഡ്രൈവര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടിയുണ്ടായതായി ഓപ്പറേറ്റർമാരായ Dublin Bus. അതേസമയം പിന്നീട് അപ്പീല്‍ നല്‍കി ഇവരില്‍ 10 പേരും തിരികെ ജോലിക്ക് പ്രവേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച പേരില്‍ പിരിച്ചുവിട്ടതിനെതിരെ Dublin Bus-ലെ മുന്‍ ഡ്രൈവറായ Okan Karpuz എന്നയാള്‍ Workplace Relations Commission (WRC)-നെ സമീപിച്ചപ്പോഴാണ് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയത്.

ഒരു ദിവസം പ്രായപൂര്‍ത്തിയാകാത്ത മകനും, മകളും മാത്രം വീട്ടിലുള്ളപ്പോള്‍ മകള്‍ വിളിച്ചപ്പോഴും, പിന്നീട് മകന് സുഖമില്ലെന്ന് പറഞ്ഞ് ഭാര്യ വിളിച്ചപ്പോഴുമായിരുന്നു തനിക്ക് ഫോണ്‍ എടുക്കേണ്ടിവന്നതെന്ന് Karpuz. WRC-യോട് പറഞ്ഞു. വാഹനം ട്രാഫിക് സിഗ്നല്‍ കാത്തുകിടക്കവേയായിരുന്നു ഇത്. ലൈറ്റ് പച്ച കത്തിയതോടെ ഫോണ്‍ മാറ്റിവച്ച് ബസ് എടുക്കുകയും ചെയ്തു. ബസ് ഇന്‍സ്‌പെക്ടര്‍ ഇത് കാണുന്നുണ്ടായിരുന്നു.

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് Dublin Bus, WRC വാദത്തിനിടെ പറഞ്ഞു. ഇങ്ങനെയുണ്ടായാല്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കും.

വാദം കേട്ട കോടതി, ഡ്രൈവറെ പിരിച്ചുവിട്ടതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസ് തള്ളി. വാദി, താന്‍ ഫോണ്‍ ഉപയോഗിച്ചു എന്നത് നിഷേധിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: