ഡബ്ലിൻ മെട്രോ ലിങ്ക് പദ്ധതി 2034-ലും പൂർത്തിയേക്കില്ല; ചെലവ് ഭീമമായ 21.5 ബില്യൺ!

ഡബ്ലിന്‍ മെട്രോലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നത് അനിശ്ചിതത്വത്തില്‍. 2034-ഓടെ പണി പൂര്‍ത്തിയാകുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, പദ്ധതിക്കായി ചെലവാകുന്നത് ഭീമന്‍ തുകയാണെന്നും, സമയത്ത് പൂര്‍ത്തിയായേക്കുമെന്ന് കരുതുന്നില്ലെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

21.5 ബില്യണ്‍ യൂറോയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് 300 മില്യണ്‍ യൂറോ ഇപ്പോള്‍ തന്നെ ചെലവാക്കിക്കഴിഞ്ഞു. പക്ഷേ ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.

അതേസമയം മെട്രോലിങ്ക് പദ്ധതിയുടെ ആകെ ചെലവ് 9.5 ബില്യണ്‍ യൂറോയില്‍ കൂടരുതെന്ന് Public Accounts Committee (PAC) നേരത്തെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദ്ദേശിച്ചിരുന്നു. ഈയിടെ PAC രാജ്യത്തെ പൊതുപദ്ധതികള്‍ക്കായുള്ള ചെലവ് കണക്കാക്കിയപ്പോള്‍ മെട്രോലിങ്കിന് 7.16 ബില്യണ്‍ മുതല്‍ 12.25 ബില്യണ്‍ വരെ ചെലവ് വരുമെന്നും, എന്നാല്‍ ചിലപ്പോള്‍ അത് 21.5 ബില്യണ്‍ യൂറോ വരെ ഉയര്‍ന്നേക്കാമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.

മെട്രോലിങ്ക് നിര്‍മ്മാണം നിര്‍ദ്ദേശിച്ച ബജറ്റില്‍ ഒതുക്കാനായി, മറ്റ് പദ്ധതികളുടെയും ചെലവ് കൃത്യമായി പരിശോധിച്ച് വരികയാണ്.

2000-ലാണ് ഡബ്ലിന്‍ മെട്രോ പദ്ധതി ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. 2010-ഓടെ പ്രവര്‍ത്തനമാരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2011-ലാണ് മെട്രോ നോര്‍ത്ത് ലൈനിനായി അനുമതി ലഭിച്ചത്. പക്ഷേ സാമ്പത്തിക മാന്ദ്യത കാരണം സര്‍ക്കാര്‍ അനുമതി പിന്നീട് റദ്ദാക്കി.

പിന്നീട് 2015-ല്‍ National Transpost Authority (NTA) പുതിയ മെട്രോ നോര്‍ത്ത് പദ്ധതി പ്രഖ്യാപിക്കുകയും, 2026-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പറയുകയും ചെയ്‌തെങ്കിലും, ഈ പദ്ധതിക്ക് പകരമായി പിന്നീട് മെട്രോലിങ്ക് പദ്ധതി പ്രഖ്യാപിച്ചു. 2034-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു 2023 ഏപ്രിലില്‍ NTA പറഞ്ഞിരുന്നത്. പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച മെട്രോ നോര്‍ത്ത്, മെട്രോ വെസ്റ്റ് പദ്ധതികള്‍ക്കായും, മെട്രോലിങ്ക് പദ്ധതിക്കായും 300 മില്യണ്‍ യൂറോ ഇതുവരെ ചെലവായിക്കഴിഞ്ഞു.

ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പണി ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല എന്നതിനാല്‍ 2034-ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയില്ലെന്നാണ് PAC തലവനായ Brian Stanley പറയുന്നത്. വമ്പന്‍ ബജറ്റിനൊപ്പം, മറ്റ് കാരണങ്ങളും പദ്ധതി പൂര്‍ത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് കരുതുന്നതായി Stanley പറയുന്നു.

പദ്ധതി ഏതുവരെ ആയി എന്നതടക്കമുള്ള വിശദമായ റിപ്പോര്‍ട്ട് 2023 സെപ്റ്റംബറോടെ സമര്‍പ്പിക്കാനായി PAC, ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: