ലീവിങ് സെർട്ടിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ

ലീവിങ് സെര്‍ട്ട് സീനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതി. ആരോഗ്യം, ബന്ധങ്ങള്‍, ലൈംഗികത എന്നിവയെപ്പറ്റി ഈ പ്രായക്കാര്‍ക്ക് ആവശ്യമായി വിവരങ്ങള്‍ കൃത്യമായി നല്‍കുന്ന തരത്തിലാണ് പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെക്‌സ് എജ്യുക്കേഷന്‍ നിര്‍ബന്ധിതപാഠ്യ വിഷയമാകും. സെക്കന്‍ഡ് ലെവലിലാണ് പഠനം നടക്കുക.

2024 സെപ്റ്റംബറോടെ പുതിയ പാഠ്യപദ്ധതി പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരോട് പ്രതികരണമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചില രാഷ്ട്രീയക്കാരില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും, പദ്ധതിക്ക് വലിയ രീതിയില്‍ പിന്തുണ ലഭിക്കുന്നതായി National Council for Curriculum and Assessment (NCCA) പറഞ്ഞു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും, സ്‌കൂള്‍ പഠനത്തിന് ശേഷമുള്ള ജീവിതത്തിന് സഹായകമാകുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതിയെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍, അവകാശങ്ങള്‍, മാനസികാരോഗ്യം എന്നിവയെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

അഞ്ച്, ആറ് വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം, അല്ലെങ്കില്‍ ആകെ 60 മണിക്കൂര്‍ Social Personal Health Education (SPHE) ക്ലാസുകള്‍ നിര്‍ബന്ധമാക്കുന്നതാണ് പദ്ധതി. അതേസമയം ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ ഇത് ഒരു വിഷയമാകില്ല.

അതേസമയം തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തോന്നുന്നുവെങ്കില്‍ കുട്ടികളെ സെക്‌സ് എജ്യുക്കേഷന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടാം. എന്നാല്‍ 18 വയസ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ട്.

നിലവില്‍ മിക്ക സ്‌കൂളുകളിലും സെക്‌സ് എജ്യുക്കേഷന്‍ ശരിയായ രീതിയില്‍ നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 15-18 പ്രായക്കാരായ കുട്ടികള്‍ക്ക് ശരിയായ സെക്‌സ് എജ്യുക്കേഷന്‍ നല്‍കാത്തത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: