യാത്രക്കാർക്ക് തൂശനിലയിട്ട് ഓണ സദ്യ വിളമ്പാൻ എമിറേറ്റ്സ്; ഒന്ന് നാട്ടിൽ പോയി വന്നാലോ?

ഓണക്കാലത്ത് വിമാനനിരക്കുകള്‍ റോക്കറ്റ് പോലെ ഉയരുമ്പോഴും  പ്രവാസികള്‍ക്ക് ഓണസ്സമ്മാനവുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31 വരെ ദുബായില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഉള്ള യാത്രകാര്‍ക്ക് തൂശനിലയില്‍ പായസവും നോണ്‍ വെജ് വിഭവങ്ങളുമടക്കം വിഭവ സമൃദ്ധമായ ഓണസദ്യ തന്നെ വിളമ്പുമെന്ന പ്രഖ്യാപനവുമായാണ് കമ്പനി എത്തിയിരിക്കുന്നത്.

കാളന്‍, പുളിയിഞ്ചി, എരിശ്ശേരി, പച്ചടി, പയര്‍ തോരന്‍, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, കൊണ്ടാട്ടമുളക്, പപ്പടം, മാങ്ങാ അച്ചാര്‍, സാലഡ്, മട്ട അരിച്ചോറ് എന്നിങ്ങനെ വായില്‍ വെള്ളമൂറുന്ന സദ്യവട്ടങ്ങളാണ് മെനുവില്‍ ഒരുക്കിയിരിക്കുന്നത്. നോണ്‍ വെജ് പ്രിയരെയും കമ്പനി നിരാശപ്പെടുത്തുന്നില്ല. ആലപ്പുഴ ചിക്കന്‍ കറിയും, മട്ടന്‍ പെപ്പര്‍ഫ്രൈയും അടക്കം വിഭവങ്ങളുടെ ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പായസം ഇല്ലാതെ എന്ത് സദ്യ എന്നാണോ? എന്നാല്‍ അതിനും പരിഹാരമുണ്ട്, പാലട പ്രഥമനും പരിപ്പ് പായസവും കൂടെ മെനുവില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിമാനങ്ങളില്‍ നല്‍കിവരുന്ന ഭക്ഷണങ്ങളുടെ ഗുണമേന്മയെ കുറിച്ച് സോഷ്യല്‍ മീഡിയയിലടക്കം ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് എമിറേറ്റ്സിന്‍റെ ഈ കൊതിയൂറും പ്രഖ്യാപനം. യാത്രക്കാരുടെ വയറും മനസ്സും നിറയ്ക്കുന്ന ഈ പ്രഖ്യാപനം മറ്റൊരു മത്സരത്തിന് വാതില്‍ തുറക്കുമോ എന്ന ആകാംക്ഷയിലാണ് പ്രവാസലോകം. കോഴിക്കോട്ടേക്ക് സര്‍വീസും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വീസുകളും അടുത്തവര്‍ഷം ആരംഭിക്കുമെന്ന്‍ കമ്പനി നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മലയാളികളുടെ ഓണത്തിന് മാറ്റുകൂട്ടുന്ന നീക്കം എമിറേറ്റ്സ് നടത്തിയിരിക്കുന്നത്.    

Share this news

Leave a Reply

%d bloggers like this: