ശ്രദ്ധിക്കുക! അടുത്ത മാസത്തോടെ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിൾ

രണ്ട് വര്‍ഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന ജിമെയില്‍, ഡ്രൈവ്, ഫോട്ടോസ് മുതലായ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍. ഇതോടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, ഡോക്യുമെന്റ്‌സ്, സ്‌പ്രെഡ്ഷീറ്റ്‌സ്, കലണ്ടര്‍ അപ്പോയിന്റ്‌മെന്റ്‌സ്, ഫോട്ടോസ്, വീഡിയോസ് എന്നിവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടും. 2023 ഡിസംബര്‍ മാസത്തോടെ ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകളെ ഇത് ബാധിക്കും.

വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പമാണെന്നും, അതുവഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളും അവര്‍ ചോര്‍ത്തിയെടുത്തേക്കാമെന്നുമുള്ളതിനാലാണ് നടപടിയെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് എന്നെന്നേയ്ക്കുമായി ഡിലീറ്റ് ചെയ്യുന്നതിന് മുമ്പായി പലവട്ടം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ഇമെയിലുകള്‍ ബാധിക്കപ്പെടുന്ന ജിമെയില്‍ അക്കൗണ്ടുകളിലേയ്ക്ക് തങ്ങള്‍ അയയ്ക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. റിക്കവറി ജിമെയില്‍ അഡ്രസുകളിലും മുന്നറിയിപ്പ് ലഭിക്കും.

അതേസമയം രണ്ട് വര്‍ഷത്തിലേറെയായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനും വഴിയുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഈ അക്കൗണ്ടിലൂടെ ഒരു ഇമെയില്‍ സന്ദേശം അയയ്ക്കുക, ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക, ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക അതുമല്ലെങ്കില്‍ ഈ അക്കൗണ്ട് ലോഗ് ഇന്‍ ചെയ്ത ശേഷം ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യുക എന്നിവ ചെയ്യുന്നതോടെ അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ആക്ടീവ് ആകും. ഇത്ഡിലീറ്റ് ചെയ്യുന്നതിനെ തടയും.

അക്കൗണ്ട് വഴി യൂട്യൂബില്‍ ഏതെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആ അക്കൗണ്ടുകള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നതല്ലെങ്കിലും ഡിലീറ്റ് ചെയ്യപ്പെടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നത് ഇമെയില്‍ സേവനത്തെ മാത്രമല്ല, മറിച്ച് അക്കൗണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റനേകം സേവനങ്ങളെ ബാധിക്കുമെന്നതിനാല്‍, അക്കൗണ്ട് ആക്ടീവായി സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം.

Share this news

Leave a Reply

%d bloggers like this: