യഥാർത്ഥ ക്രിസ്തുമസ് ആഘോഷം : The Christmas Truce 

ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശം നൽകിയാണ്, ഓരോ ക്രിസ്തുമസും കടന്ന് പോകുന്നതെങ്കിൽ, ആ സന്ദേശത്തിൻ്റെ അന്ത:സത്ത അതിൻ്റേതായ അർത്ഥത്തിലും,  ആഴത്തിലും, ഉൾക്കൊണ്ട ഒരേയൊരു സംഭവമേ മാനവചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ…!  അതാണ്, ‘ The Christmas Truce ‘ എന്ന പേരിൽ,  ലോകചരിത്രകാരൻമാർ പാടി പുകഴ്ത്തുന്ന, ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മൂർദ്ധനാവസ്ഥയിൽ ബെൽജിയം വെസ്റ്റേൺ ഫ്രൻ്റ് (Western Front) യുദ്ധമുഖത്തെ, ബ്രിട്ടീഷ്- ജർമൻ പട്ടാളക്കാരുടെ ഇടയിൽ സംഭവിച്ച, അപ്രഖ്യാപിത വെടിനിർത്തൽ. 

നൂറ് വർഷങ്ങൾക്കു മുൻപ് ഒന്നാം ലോകമഹായുദ്ധം ബെൽജിയത്തിൽ കൊടിമ്പിരികൊണ്ടിരിക്കുന്ന കാലം.

1914 ഡിസംബർ 24 തീയതി രാത്രി, ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ British Expeditionary Force- ലെ പട്ടാളക്കാരനായിരുന്ന ബ്രൂസ് ബറിൻസ്‌ഫത്തേർ തൻ്റെ കിടങ്ങിൻ്റെ, മീറ്ററുകൾക്ക് അപ്പുറുത്തുള്ള ജർമൻ പട്ടാളക്കാരുടെ കിടങ്ങിൽ നിന്ന്, പാട്ടുകൾ പാടുന്നതും, കയ്യടികൾ കേൾക്കുന്നതിനും ഇടയായി. ചെവികൾ കൂർപ്പിച്ച്, അദ്ദേഹം ആ പാട്ടിലെ വരികൾ ശ്രദ്ധിച്ചപ്പോൾ, അവർ പാടുന്നത് ക്രിസ്തുമസ്സ് കരോൾ ഗാനമണെന്ന് ബ്രൂസിന് മനസിലായി. തെല്ല് പരിഭവത്തോടെയും, കൗതുകത്തോടെയും അവർ പാടിയ കരോൾ ഗാനത്തിൻ്റെ ബാക്കിയുള്ള വരികൾ ബ്രിട്ടീഷ് പട്ടാളകിടങ്ങിൽ നിന്ന് അദ്ദേഹം ഉച്ചത്തിൽ മറുപാട്ട് പാടുവാൻ തുടങ്ങി. തങ്ങൾ പാടിയ ഗാനത്തിൻ്റെ തുടർവരികൾ ശത്രു ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായി കേട്ടപ്പോൾ ജർമൻ പട്ടാളക്കാർക്കും വലിയ സന്തോഷമായി. അവരും, വലിയ ആവേശത്തോടെ, ശത്രുപക്ഷമാണെന്നാ കാര്യം വിസ്മരിച്ച്, കരോൾ ഗാനം ഉച്ചത്തിൽ തിരിച്ച് പാടുകയും, തുടർന്ന് പതിയെപ്പതിയെ 

ജർമൻ പട്ടാളക്കാരും, ബ്രിട്ടീഷ് പട്ടാളക്കാരും ആ കരോൾ ഗാനത്തിൽ പങ്കുചേരുകയും, വലിയ വികാരപരമായി ക്രിസ്തുമസ് കരോൾ ഗാനം പാടി തീർക്കുകയും ചെയ്തു. 

ഈ ഒരു സംഭവം, നാളെ ക്രിസ്തുമസ്സ് ആണെന്ന ചിന്ത രണ്ടുപക്ഷത്തെയും ഒരിക്കൽകൂടി ചിന്തിപ്പിക്കാൻ കാരണമാക്കി. 

അൽപസമയം കഴിഞ്ഞപ്പോൾ  ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ  വാൾട്ടർ കൺഗ്രവേ, ജർമൻ പട്ടാള മേധാവിയായിരുന്ന ജോഹനെസ് നീമാനോട്, ക്രിസ്തുമസ്സ് ദിവസം യുദ്ധം നിർത്തിവയ്ക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. വലിയ കരഘോഷത്തോടെയാണ് ജർമൻ ക്യാംപ് ആ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പിറ്റേന്ന് ക്രിസ്തുമസ്സ് ദിവസം  ബ്രിട്ടീഷ് പട്ടാളക്കാരും, ജർമൻ പട്ടാളക്കാരും യുദ്ധകിടങ്ങിൽ നിന്ന് പുറത്തിറങ്ങി, ഇതിന് മുൻപ് യുദ്ധത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുവാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്ന ‘No Man’s Land’ എന്നാ ഇരുപക്ഷത്തെയും വിഭജിക്കുന്ന സ്ഥലത്ത് കണ്ടുമുട്ടുകയും, പരസ്പരം ചോക്കലേറ്റ്, സിഗരറ്റ്, വൈൻ എന്നിവ കൈമാറുകയും. ഈ ചരിത്രനിമിഷം പിറന്നതിൻ്റെ  ഓർമ്മക്കായി തൊപ്പികൾ, യൂണിഫോം ബട്ടൻസ് എന്നിവയും കൂടി സമ്മാനിക്കുകയും, ആശംസകൾ നേരുകയും ചെയ്തു. 

ആ ദിവസത്തിൽ സംഭവിച്ച മറ്റൊരു രസകരമായ സംഭവം ജർമൻ – ബ്രിട്ടീഷ് സൈനികർ തമ്മിലൊരു ഫുട്ബാൾ മൽസരം സംഘടിപ്പിക്കുകയും, കാണികളായി മറ്റുള്ള സൈനികർ, ഫുട്ബോൾ കളിക്കാരെ പ്രോത്സാഹപ്പിക്കുകയും ചെയ്തു. 

പക്ഷേ, ക്രിസ്തുമസ്സിനോട് അനുബന്ധിച്ചുള്ള, ഈ അപ്രഖ്യാപിത വെടിനിർത്തൽ ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മറ്റ് പോർമുഖങ്ങളിലൊന്നും പ്രാവർത്തികമായില്ലാ. എന്നിരുന്നാലും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായി വന്നാ തിരുപ്പിറവി ദിനം, ലോകംകണ്ട ഏറ്റവും രക്തരൂക്ഷിതമായ ഒരു മഹായുദ്ധത്തിൻ്റെ

ഒരു ദിവസമെങ്കിലും, വെടിയൊച്ചകൾ നിലയ്ക്കുന്നതിനും, കൂടുതൽ മൃതശരീരങ്ങൾ വീഴാതെയിരിക്കുന്നതിനും കാരണമായി തീർന്നു. 

Christmas Truce -ൻ്റെ ഓർമ്മക്കായി ഇംഗ്ലണ്ടിലും, ജർമനിയിലും, ബെൽജിയത്തിലും തുടർന്ന് സ്മാരകസ്തംഭങ്ങളും, പ്രതിമകളും പിൽക്കാലത്ത് പണിയുകയും, അവയെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

എഴുതിയത്: അനിൽ ജോസഫ് രാമപുരം ( KILKENNY)

Share this news

Leave a Reply

%d bloggers like this: