അയർലണ്ടിലേക്ക് അതിശൈത്യം എത്തുന്നു; മൈനസ് 3 ഡിഗ്രി വരെ താപനില കുറയും

അയര്‍ലണ്ടിലേയ്ക്ക് അതിശൈത്യം എത്തുന്നതായി കാലാവസ്ഥാ വിദഗ്ദ്ധര്‍. ഈയാഴ്ചയുടനീളം ശക്തമായ തണുപ്പ് തുടരുമെന്നും, ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതല്‍ നിലവില്‍ വന്ന കാലാവസ്ഥാ മുന്നറിയിപ്പ് വെള്ളിയാഴ്ച രാത്രി വരെ തുടരും.

പോര്‍ച്ചുഗലിലെ അസോറസ് പ്രദേശത്ത് രൂപപ്പെട്ട ശക്തിയേറിയ മര്‍ദ്ദമാണ് അയര്‍ലണ്ടില്‍ ശൈത്യമായി രൂപാന്തരം പ്രാപിക്കുന്നത്. പൊതുവെ തണുപ്പേറിയ, ശാന്തമായ കാലാവസ്ഥയ്‌ക്കൊപ്പം ചെറിയ മഴയ്ക്കും ഈയാഴ്ച സാധ്യതയുണ്ട്.

തണുപ്പ് വര്‍ദ്ധിക്കുന്നതോടെ മഞ്ഞ് കട്ടപിടിക്കുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഇത് റോഡിലെ കാഴ്ച മങ്ങാനും, ടയറുകള്‍ തെന്നിപ്പോകാനും കാരണമാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണം.

പകല്‍ ഒറ്റ സംഖ്യയില്‍ തുടരുന്ന അന്തരീക്ഷ താപനില രാത്രിയോടെ മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. പകല്‍ തണുത്ത കാലാവസ്ഥയ്‌ക്കൊപ്പം വെയിലും ലഭിക്കും.

വാരാന്ത്യത്തില്‍ കാലാവസ്ഥ വീണ്ടും മാറിമറിയുമെന്നാണ് കരുതുന്നത്. അതേസമയം ശൈത്യം തുടരും.

Share this news

Leave a Reply

%d bloggers like this: